scorecardresearch
Latest News

ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹർജിയിലെ ആരോപണങ്ങൾ അന്വേഷിക്കണം: വി ഡി സതീശൻ

അതിജീവിത നമ്മുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹർജിയിലെ ആരോപണങ്ങൾ അന്വേഷിക്കണം: വി ഡി സതീശൻ
ഫയൽ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഇടത് നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അതിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതിജീവിത നമ്മുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോടിയേരിയും എം എം മണിയും മറ്റു ഇടത് നേതാക്കളും അതീജിവിതയെ വളഞ്ഞിട്ട്ആക്രമിക്കുകയായിരുന്നു എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഈ മാസം 30ന് കേസിലെ തുടരന്വേഷണ സമയം അവസാനിക്കുകയാണ്. അതുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫ് ഉപയോഗിച്ചിട്ടില്ല. അന്വേഷണം ശരിയായ രീതിയില്‍ പോകണം. അതിന് വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് യു.ഡി.എഫുണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: ‘ആശങ്കകൾ അറിയിച്ചു, മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണവിശ്വാസം’; കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത പറഞ്ഞത്

പി സി ജോർജിന്റെ അറസ്റ്റ് കോടതി കൃത്യമായി ഇടപെട്ടത്‌ കൊണ്ടാണ് ഇപ്പോൾ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി സിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കാൻ സംഘപരിവാറിന് സർക്കാർ അവസരമൊരുക്കി. ആദ്യം ജാമ്യം കിട്ടിയത് സർക്കാരിന്റെ പിടിപ്പുകേട്‌ കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി സി ജോർജിന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഒരുപാട് ദിവസം മൗനം തുടർന്നെന്നും പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിക്കുകയാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രണ്ട് കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി കൊടുക്കാന്‍ മുകളില്‍ നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനത്തിന് അനുമതി നല്‍കിയ എസ്പിയുടെയും ജില്ലാ കളക്ടറുടെയും നടപടിയെ കുറിച്ചും അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താന്‍ കെപിസിസി അനുമതി ചോദിച്ച് നല്‍കിയില്ല. അങ്ങനെയുള്ള സര്‍ക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ അനുവദിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheesan on cpm leaders comment on actress attack case survivor