തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടേത് നാട്ടുഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ എംഎൽഎ. അമ്മയെയും പെങ്ങന്മാരെയും അപമാനിക്കുന്നതാണോ ഗ്രാമീണ ശൈലി. മാന്യയായ മുഖ്യമന്ത്രിക്ക് പറയാൻ പറ്റാത്ത ചില കാര്യങ്ങൾ പറയിക്കാനാണ് മണിയെ സംരക്ഷിക്കുന്നതെന്നു സതീശൻ നിയമസഭയിൽ ആരോപിച്ചു.

മൂന്നാറിലെ സമരക്കാരെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വി.ഡി.സതീശൻ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി തേടി. സർക്കാരിന്റേത് സ്ത്രീവിരുദ്ധ നിലപാടാണ്. മൂന്നാർ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നു. പൊലീസും സിപിഎമ്മും ഭീഷണിപ്പെടുത്തി സമരക്കാരെ പിന്മാറ്റാൻ നോക്കുന്നു. സമരം ചെയ്ത സത്രീകൾക്കെതിരെ എത്ര കേസുകളാണ് എടുത്തതെന്ന് ചിന്തിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മറുപടി നൽകിയതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

മണിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്നും സഭയ്ക്ക് അകത്ത് സ്വീകരിച്ചത്. മണിയോട് ചോദ്യം ചോദിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനമെടുത്തു. ചോദ്യോത്തരവേളയിൽ മണി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ