തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലെ പാളിച്ച ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന് വിഴ്ചയുണ്ടായെന്ന് കാണിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തളളി. പ്രമേയത്തില്‍ മുഖ്യമന്ത്രി മറുപടി പറയവെ അവസാന നിമിഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. മന്ത്രിമാരുടെ മറുപടിയില്‍ തൃപ്തരല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന് വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. 100 ദിവസമായിട്ടും അർഹതപ്പെട്ടവർക്ക് സഹായം കിട്ടിയില്ല. 20 ശതമാനം പേർക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. പ്രളയാനന്തര പുനഃനിർമ്മാണത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. വീട് നിർമ്മാണത്തിന് വാഗ്‌ദാനങ്ങൾ വരുന്നുണ്ടെങ്കിലും സർക്കാരിന് താൽപര്യമില്ല. 500 വീടുകൾ നിർമ്മിക്കാമെന്ന് ഒരു സംഘടന വാഗ്‌ദാനം ചെയ്തു. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഭവന നിർമ്മാണത്തിന് 20 കോടി രൂപ വാഗ്‌ദാനം ചെയ്ത എൻജിഒയോട് സർക്കാർ അവഗണന കാട്ടുന്നതായും സതീശൻ ആരോപിച്ചു.

പ്രളയാനന്തര പുനഃനിർമ്മാണത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. വി.ഡി.സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി തേടിയത്. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുമണിവരെ ചർച്ചയാകാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ