പത്തനംതിട്ട: കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാനും പ്രസംഗിക്കാനും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍. ഇക്കാര്യം പ്രതിപക്ഷ നേതാവ് മൂന്നുതവണ ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും വിവാദം എന്തിനെന്ന് വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂര്‍ അടൂറില്‍ പറഞ്ഞു.
എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്, ഡിസിസി പ്രസിഡന്റുമാരെ പരിപാടികള്‍ അറിയിച്ച തീയതി അടക്കം തന്റെ കയ്യിലുണ്ട്. പരാതി കൊടുത്താല്‍ അതിന് മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല
എയും, ഐയും അല്ല, ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെംബര്‍ അല്ലെന്നും തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതില്‍ ലീഗിന് എതിര്‍പ്പുണ്ടല്ലോ എന്ന ചോദ്യത്തിന് താനും അതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ മറുപടി നല്‍കി. താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കേരളം കടക്കെണിയിലെന്നും വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടായെന്നും തരൂര്‍ പറഞ്ഞു. പത്തനംതിട്ട അടൂരില്‍ ബോധി ഗ്രാം നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് തരൂര്‍ എത്തിയത്.