scorecardresearch
Latest News

നല്ല കാര്യങ്ങൾക്ക് സർക്കാരിനൊപ്പം, പ്രതിപക്ഷ സമീപനത്തിൽ ചില മാറ്റം വേണം: വി.ഡി.സതീശൻ

തലമുറ മാറ്റം സ്വാഭാവികമാണ്. പ്രതിപക്ഷത്തിന്റെ പരമ്പരാഗതമായ രീതിയിൽ മാറ്റങ്ങൾ വരും

നല്ല കാര്യങ്ങൾക്ക് സർക്കാരിനൊപ്പം, പ്രതിപക്ഷ സമീപനത്തിൽ ചില മാറ്റം വേണം: വി.ഡി.സതീശൻ
ഫയൽ ചിത്രം

കൊച്ചി: ജനം മാന്‍ഡേറ്റ് നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാരിനോട് വെല്ലുവിളികള്‍ നടത്തലോ ഭരിക്കാന്‍ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളെയും ആത്മാര്‍ഥമായി പിന്തുണയ്ക്കും. അതേസമയം, തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ നിയമസഭയ്ക്ക് അകത്തെയും പുറത്തെയും വേദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരാഗതമായ സമീപനങ്ങള്‍ക്കു ചില മാറ്റങ്ങളുണ്ടാകണം. അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം മാറുന്നതനുസരിച്ച് സമീപനങ്ങളില്‍ മാറ്റമുണ്ടാകണം. പ്രവര്‍ത്തനരീതികളില്‍ മാറ്റമുണ്ടാകണം. പുതിയ ദിശാബോധമുണ്ടാകണം. അത് ഈ കാലത്തിന് അനുസരിച്ച രീതിയില്‍, കേരളത്തിന്റെ പൊതുസസമൂഹം ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റമുണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്.

ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടാകും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നുകൊണ്ട് ഈ മഹാമാരിയെ നേരിടണമെന്നാണ്. അതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് യുഡിഎഫ് പരിശ്രമിക്കും. ഈ മഹാമാരിയില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും നിരുപാധിക പിന്തുണ നല്‍കും.

രണ്ട് പ്രളയങ്ങള്‍ക്കുശേഷമുള്ള ഈ മഹാമാരി സാമാന്യജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഏറ്റവും പാവപ്പെട്ടവര്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനല്ല പോകേണ്ടത്, അവരെ ഏത് രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന സര്‍ക്കാരിനൊപ്പം നിന്ന് ആലോചിക്കും. ജനങ്ങള്‍ക്കു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരമ്പരാഗതമായി ചെയ്യുന്നതുപോലെ തമ്മിലടിക്കുകയല്ല വേണ്ടത്. മറിച്ച് തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണെന്ന് ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന നടപടിയായിരിക്കും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഉണ്ടാവുന്നത്. ജനം ആഗ്രഹിക്കുന്ന തരത്തില്‍ ഉയരാന്‍ പ്രതിപക്ഷം ഭംഗിയായി പരിശ്രമിക്കും.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ചുമതല ഏല്‍പ്പിച്ച എഐസിസി നേതൃത്വത്തോട് നന്ദി അറിയിക്കുന്നു. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ തന്നെ നിയോഗിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്.

എല്ലാ വെല്ലുവിളികളും എന്റെയും സഹപ്രവര്‍ത്തകരുടെയും മുന്നിലുണ്ട് എന്ന തികഞ്ഞ ബോധ്യമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരവിലേക്കു നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുകയാണ്.

ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഈ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ കേരളത്തിലെ ജനങ്ങളും യുഡിഎഫ പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ഘടകകക്ഷികളുടെയും പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടുകൂടി കഴിയും എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു.

ഒരുപക്ഷേ 1967ല്‍ ലേതിന് അടുത്തുനില്‍ക്കുന്ന പരാജയത്തില്‍നിന്നു തിരിച്ചുകയറാന്‍ ആത്മവിശ്വാസം നല്‍കി, പ്രതീക്ഷ നല്‍കി കൊണ്ടുപോകാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളിലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Read More: മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിലും, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്

പറവൂർ മണ്ഡലത്തിൽനിന്നുളള നിയമസഭാംഗമാണ് സതീശൻ. 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽനിന്നും ജയിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vd satheesan congress opposition leader press meet02837