കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയ്ക്ക് 100 കോടി പിഴ ചുമത്തിയ ട്രിബ്യൂണലിന്റെ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണെന്നും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഈ പിഴ ഈടാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീപ്പിടുത്തത്തിന് വഴിവെച്ച ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കണമെന്നും ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ല പിഴയടക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ കെ തമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം കളയില്ല. രമയെ സഹോദരിയെ പോലെ സംരക്ഷിക്കുമെന്നും ഒരാളും അവരുടെ മീതെ കുതിര കയറാന്‍ വരേണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രമ വേദന സഹിക്കാനാകാതെ പോയി പ്ലാസ്റ്ററിട്ടതാണ്. പരിക്കൊന്നും പറ്റാതെ പ്ലാസ്റ്ററിട്ടു നല്‍കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെങ്കില്‍ അതിനുത്തരം ആരോഗ്യമന്ത്രിയാണ് പറയേണ്ടത്.
രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ലെന്നും കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്.