Latest News

കെ-റെയിൽ ഡിപിആർ തട്ടിക്കൂട്ട്: വി.ഡി സതീശൻ

ഡിപിആർ സംബന്ധിച്ച് യു.ഡി.എഫ് സമിതി പഠിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു

vd satheesan, congress, ie malayalam
ഫയൽ ചിത്രം

കൊല്ലം: സർക്കാർ പുറത്തുവിട്ട കെ-റെയിലിന്റെ ഡിപിആർ തട്ടിക്കൂട്ടിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ പുറത്തിവിട്ട ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വയോ നടത്തിയിട്ടില്ല. തട്ടിക്കൂട്ടിയതാണെന്ന് തയ്യാറാക്കിയ കമ്പനി പ്രതിനിധി വരെ പറഞ്ഞിട്ടുണ്ട്. ഡാറ്റാ തിരിമറി നടത്തി ജപ്പാനിൽ നിന്ന് വായ്പ നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നത്? 530 കിലോ മീറ്റര്‍ കെ-റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡി.പി.ആറില്‍ പറയുന്നത്.

കെ-റെയിലിന്റെ 55 ശതമാനം 292 കിലോ മീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ എവിടെയാണ് ഉള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചു.

ഡിപിആറില്‍ പറയുന്നതിന് വിരുദ്ധമായാണ് ഇന്നലെ കെ -റെയില്‍ എം.ഡി സംസാരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കല്ലും മണ്ണും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഇതൊക്കെ ഡിപിആറില്‍ ഉള്‍പ്പെടുത്തേണ്ടേ.

കെ-റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനില്‍ പ്രതീക്ഷിക്കുന്നത് 36000 യാത്രക്കാരെയാണ്. കെ- റെയിലില്‍ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. തട്ടിക്കൂട്ട് ഡി.പി.ആര്‍ ആണെന്ന് തയാറാക്കിയവര്‍ പറഞ്ഞു. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ ലോണ്‍ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ സന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖയാണ് ഡിപിആർ എന്നാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ പറഞ്ഞത്. അന്‍വര്‍ സാദത്ത് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയപ്പോഴാണ് ഡിപിആര്‍ പുറത്തുവന്നത്. ഇപ്പോള്‍ രഹസ്യ സ്വഭാവം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ഡിപിആര്‍ പുറത്തു കാണിച്ചാല്‍ പദ്ധതിയെ കുറിച്ച് കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും. അതുകൊണ്ടാണ് ഇതുവരെ രഹസ്യമാക്കി വച്ചത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഈ ഡിപിആറില്‍ മറുപടിയില്ല. അതിനാലാണ് മുഖ്യമന്ത്രിയും മറുപടി പറയാത്തത്. ഇപ്പോഴെങ്കിലും ഡി.പി.ആര്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്. ഡിപിആർ സംബന്ധിച്ച് യു.ഡി.എഫ് സമിതി പഠിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Also Read: കെ-റെയിൽ ഡിപിആർ പുറത്തുവിട്ടു; കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത് കൊല്ലത്ത്, 2025–26ല്‍ കമ്മിഷന്‍ ചെയ്യും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vd satheesan against k rail project dpr

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express