കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയോടൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൂഡാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, ഇ.പി ജയരാജന് അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജന് എന്നും കുറ്റപ്പെടുത്തി.
അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
സമീപകാലത്താണ് അന്വേഷണം ദുര്‍ബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതിജീവിത കോടതിയില്‍ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തുന്നത് അവരെ അപമാനിക്കലാണ്. ഈ നട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അതിജീവിത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കേണ്ട സി.പി.എം നേതാക്കള്‍ അവരെ അപമാനിക്കുന്നത് ശരിയല്ല. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇ.പി ജയരാജന് എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
ഇരയോട് ഒപ്പമാണെന്ന സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീണു. വൃത്തികെട്ട രാഷ്ട്രീയം യു.ഡി.എഫ് കളിക്കുന്നു എന്നാണ് ഇപി ജയരാജന് പറഞ്ഞത്. ഇതുപോലുള്ള കേസുകളില്‍ വൃത്തികെട്ട ഇടപെടലുകള്‍ നടത്തരുതെന്നാണ് ജയരാജനോട് പറയാനുള്ളത്. കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഉന്നത സിപിഎം നേതാവാണെന്ന് വ്യക്തമാണ്. തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമെ യുഡിഎഫ് ആരോപണം ഉന്നയിക്കൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഇപി ജയരാജൻ പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നത്. ഇത് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണോയെന്ന് പരിശോധിക്കണമെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്.
അതേസമയം, അതിജീവിത കോടതിയെ സമീപിച്ചത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും. കേസിൽ പൊലീസിന് വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ആര്‍ക്കും കോടതിയിൽ പോകാമെന്നും സർക്കാർ അതിന് എതിരല്ലെന്നും പറഞ്ഞിരുന്നു.
Also Read: വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ