തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും കള്ളകളി നടത്തുവെന്ന് പ്രതിപക്ഷ നേതാവ്. രണ്ട് സമുദായങ്ങള്‍ തന്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടു പോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മുമെന്ന് വി.ഡി സതീശന് പറഞ്ഞു.
വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍ വാസവന് പറഞ്ഞത്. വാസവന് അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്നിനാണ്? ഇതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, വിഷയത്തിൽ മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമാണെന്നും ആരോപിച്ചു.
പത്ത് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വള്ളി പുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ? വര്‍ഗീയതക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും മുഖത്ത് നോക്കി അത് തെറ്റാണെന്ന് പറയാന്‍ ഭയമില്ല.
മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്ന പരിഹരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും അന്തരീക്ഷമാണ്. സര്‍ക്കാരിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also read: നാർക്കോട്ടിക് ജിഹാദ് വിവാദം: മുസ്ലിം സംഘടനകളുടെ യോഗം ഇന്ന്
പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രചരണം സമൂഹമാധ്യമങ്ങളിലെ വ്യജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഇതുവരെ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞവര്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നു. കേരളത്തില്‍ സൈബര്‍ പോലീസ് എന്തിനാണ്? ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷം നല്കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.