Latest News

കണ്ണൂര്‍ വി സി നിയമനം: യൂത്ത് മാര്‍ച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Kannur VC Appointment, Congress, R bindhu,Kerala Governor, Arif Muhammed Khan, ഗവർണർ, CPIM, CPI, കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ, University, സർവകലാശാല, Letter, കത്ത്, കേരള വാർത്ത, Kerala News, Malayalam News, IE Malayalam

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പ്രധാന കവാടത്തിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിസി നിയമനത്തില്‍ അനധികൃതമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ സര്‍വകലാശാല കവാടത്തിനു മുന്നിലെ ബോര്‍ഡില്‍ ‘പിണറായി വക കമ്യൂണിസ്റ്റ് പാഠശാല’ എന്നെഴുതിയ ബാനര്‍ തൂക്കി.

അതിനിടെ, മന്ത്രി ആര്‍ ബിന്ദുവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കു യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. അഞ്ചു പ്രവർത്തകരാണ് തള്ളിക്കയറാൻ ശ്രമിച്ചത്. ഇവരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ മമ്പറത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ചിരുന്നു. കൊച്ചിയിലേക്കു തിരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു മുഖ്യമന്ത്രി.

വിഷയത്തില്‍ മന്ത്രിക്കെതിരെ സമരം ശക്തമാക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തിനായി മന്ത്രി പ്രോ ചാന്‍സിലര്‍ എന്ന പദവി ഉപയോഗിച്ച്, ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണിത്. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാവുന്നില്ല.

ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറില്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണമെന്നു പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്നാണു കത്തില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലറെ രണ്ടാമത് നിയമിക്കുന്നതിനു തടസമില്ലെന്നും പ്രായം സംബന്ധിച്ച നിയന്ത്രണമില്ലെന്നും മന്ത്രിയുടെ കത്തില്‍ പറയുന്നു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേദിവസമായ നവംബര്‍ 22-നാണ് മന്ത്രി ഗവര്‍ണര്‍ക്കു കത്തെഴുതിയത്.

അതേസമയം, മന്ത്രി ഇല്ലാത്ത അവകാശം ഉപയോഗിച്ചുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലും സര്‍വകലാശാല സ്റ്റാറ്റിയൂട്ടിലും പ്രോ ചാന്‍സിലര്‍ക്ക് ഇങ്ങനൊരു അവകാശം നല്‍കുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: വിസി നിയമനം: മന്ത്രി ആർ. ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

കണ്ണൂര്‍ വിസി നിയമനത്തില്‍ അനധികൃതമായും വഴിവിട്ടും ഇടപെട്ട മന്ത്രി ബിന്ദു ഉടന്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എം എല്‍ എയും ആവശ്യപ്പെട്ടു.

മന്ത്രിക്ക് എങ്ങനെയാണ് അധികാരത്തില്‍ തുടരാനാവുകയെന്നു ചോദിച്ച ചെന്നിത്തല, മന്ത്രി രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നു ആവശ്യപ്പെട്ടു. മന്ത്രി ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തത്?

ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണു മന്ത്രി മാധ്യമങ്ങളെ ഒളിച്ചുനടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കു ജോലി നല്‍കിയതിന്റെ ഉപകാരസ്മരണയാണ് കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം. മന്ത്രിക്കെതിരെ ലോകായുക്തയ്ക്കു നല്‍കാനുള്ള പരാതി തയാറായിക്കൊണ്ടിരിക്കുകയാണ്. ണെന്നും ചെന്നിത്തല പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vc appointment youth congress march to kannur university water cannons used

The moderation of comments is automated and not cleared manually by malayalam.indianexpress.com