scorecardresearch
Latest News

‘നിസാര വിവാദത്തിലൂടെ സര്‍വകലാശാലയെ നശിപ്പിക്കാന്‍ ശ്രമം’; കേരള സെനറ്റിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ സെനറ്റിനു കഴിയുമോയെന്നു പരിശോധിച്ചിട്ടുണ്ടോയെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ചോദിച്ച കോടതി ഇത്തരമൊരു നടപടി കേട്ടുകേള്‍വി പോലുമില്ലെന്നും പറഞ്ഞു

‘നിസാര വിവാദത്തിലൂടെ സര്‍വകലാശാലയെ നശിപ്പിക്കാന്‍ ശ്രമം’; കേരള സെനറ്റിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

കൊച്ചി: പുതിയ വൈസ് ചാന്‍സലറെ നിയമിക്കുന്നതിനായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയിലേക്കു പ്രതിനിധിയെ നോമിനേറ്റ് ചെയ്യാത്തതിനു കേരള സര്‍വകലാശാല സെനറ്റിനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയെ നിസാര വിവാദത്തിലൂടെ നശിപ്പിക്കാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി.

”കേരള സര്‍വകലാശാലയ്ക്ക് അടിയന്തരമായി വൈസ് ചാന്‍സലര്‍ വേണമെന്നതില്‍ സംശയമില്ല. ബന്ധപ്പെട്ടവര്‍ തമ്മിലുള്ള തര്‍ക്കം വി സിയെ തിരഞ്ഞെടുക്കുന്നത് അനന്തമായി വൈകുന്ന സ്ഥിതിയിലേക്കു പോകാന്‍ കഴിയില്ല. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നിയമാനുസൃതമായ അവകാശത്തെ, പ്രത്യേകിച്ച് വി സിയെ എത്രയും വേഗം നിയമിക്കുകയെന്നതിനെ പരാജയപ്പെടുത്തുന്നതിനായതിനാല്‍ അവര്‍ക്ക് എപ്പോഴും പോരിലേര്‍പ്പെടാന്‍ കഴിയില്ല,” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വൈസ് ചാന്‍സിലറില്ലാതെ സര്‍വകലാശാലയ്ക്കു മുന്നോട്ടു പോകാനാകില്ല. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. വിവാദം തീര്‍ക്കാന്‍ സര്‍വകലാശാലക്കു താല്‍പ്പര്യമില്ലേയെന്നു ചോദിച്ച കോടതി സെലക്ഷന്‍ കമ്മിറ്റിയിലേക്കു നോമിനിയെ നിര്‍ദേശിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അതു തുറന്നു പറയണമെന്നും കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ ഇത്രയധികം നിയമം പറയുന്ന സര്‍വകലാശാല, ചാന്‍സലര്‍ക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാന്‍ കഴിയുമോയെന്നു പരിശോധിച്ചിട്ടുണ്ടോയെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇത്തരമൊരു നടപടി കേട്ടുകേള്‍വി പോലുമില്ലെന്നും കോടതി പറഞ്ഞു. ചാന്‍സലറുടെ തീരുമാനത്തിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

നവംബര്‍ നാലിനു സെനറ്റ് യോഗം ചേരുന്നുണ്ടെന്നും വി സി നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്കു പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നത് അജന്‍ഡയില്ലെന്നും കേരള സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കോണ്‍സല്‍ തോമസ് എബ്രഹാം ഇന്ന് കോടതിയെ അറിയിച്ചു. ഈ ആവശ്യത്തിനായി മറ്റൊരു യോഗം വിളിക്കുന്നതു സംബന്ധിച്ച് അറിയിക്കാന്‍ സര്‍വകാലാശാല അഭിഭാഷകന്‍ സമയം തേടി. കേസ് ഒന്‍പതിലേക്കു മാറ്റി.

വൈസ് ചാന്‍സലറെ തിഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതിന് എന്താണു തടസമെന്നു സെനറ്റിനോട് ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.

”വി സിയില്ലാതെ സര്‍വകലാശാലയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും? വിദ്യാര്‍ഥിയുടെ താല്‍പ്പര്യമാണു കോടതിക്കു പ്രധാനം. കോടതിയില്‍ സാങ്കേതികത്വം പറയരുത്. കോടതിയോട് ഒളിച്ചുകളി വേണ്ട. നിയമലംഘനം നടത്തിയാലേ പ്രീതി നഷ്ടപ്പെടൂ. വെറുതെയെന്തെങ്കിലും പറഞ്ഞാല്‍ പ്രീതി നഷ്ടപ്പെടില്ല. ഭരണഘടന അനുശാസിക്കുന്നതു വ്യക്തിപരമായ പ്രീതിയല്ല. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്താല്‍ പ്രശ്‌നം തീരില്ലേ,” കോടതി ചോദിച്ചിരുന്നു.

ഗവര്‍ണറുടെ നോട്ടിസിന് സ്റ്റേയില്ല

കൊച്ചി: രേഖാമൂലം ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് ഇടക്കാല സ്റ്റേയില്ല. കാരണം കാണിക്കല്‍ നോട്ടിസിനെതിരെ വി സിമാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി എതിര്‍ കക്ഷികളോട് വിശദീകരണം തേടി.

കേരള സാങ്കേതിക സര്‍വകലാശാല വി സിയുടെ നിയമനം സുപ്രിം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഒന്‍പതു വി സിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ചട്ടങ്ങള്‍ ലംഘിച്ചാണു നിയമനങ്ങള്‍ നടന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.

ഗവര്‍ണറുടെ നടപടിക്കെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നു വി സിമാരോട് തുടരാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനുപിന്നാലെയാണു രാജിവയ്ക്കാതിരുന്നതിനു കാരണം തേടി ഗവര്‍ണര്‍ നോട്ടിസ് നല്‍കിയത്. ഇതിനെതിരെ ഏഴ് വി സിമാരാണു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും. അതിനിടെ, നിയമനം മുതലുള്ള ശമ്പളം വി സിമാരില്‍നിന്നു തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vc appointment hc slams kerala university senate governor