ന്യൂഡല്‍ഹി: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറി പോയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും ഗുജറാത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗരാഷ്ട്ര, കച്ച് മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. പലയിടത്തും ടെലിഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടു.

Read More: ‘വായു’ വഴി മാറുന്നു; ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

3 ലക്ഷം പേരെയാണ് ഗുജറാത്തിൽ മാറ്റിപ്പാർപ്പിച്ചത്. ട്രെയിൻ – റോഡ് ഗതാഗതവും തടസപ്പെട്ടു. 86 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു. അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അ‌ർധരാത്രി വരെ അടച്ചിട്ടു. കര, വ്യോമ, നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനും കടല്‍ക്ഷോഭത്തിനും സാധ്യത. തീരങ്ങളില്‍ ശക്തമായ കാറ്റ് അടിച്ചേക്കാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.