തളിപ്പറമ്പ്: മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ലോങ് മാർച്ച് മാതൃകയിൽ കേരളത്തിലെ സിപിഎം സർക്കാരിനെതിരെ സമരത്തിനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിൽ നിന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കാണ് വയൽക്കിളികൾ സമരം നടത്തുന്നത്. സമരത്തിൽ മറ്റ് ജനകീയ സമരക്കാരെ കൂടി പങ്കെടുപ്പിക്കാനാണ് തീരുമാനം.

ഇന്ന് കണ്ണൂരിൽ പ്രത്യേക കൺവൻഷൻ സമര തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ചുചേർത്തിട്ടുണ്ട്. സമരകേരളം തിരുവനന്തപുരത്തേക്കെന്ന പേരിൽ നടത്തുന്ന ലോങ് മാർച്ചിൽ കേരളത്തിലെ വിവിധ സമര പരിപാടികളുടെ ഭാഗമായുളളവരെ കൂടി പങ്കെടുപ്പിക്കുന്നുണ്ട്. അതേസമയം കൺവെൻഷൻ നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ സ്‌പോർട്സ് കൗൺസിൽ കെട്ടിടം അവസാന നിമിഷം വിട്ടുനൽകാതിരുന്നത് പുതിയ വിവാദത്തിന് വഴിവച്ചു. ഇതേ തുടർന്ന് സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

അതേസമയം ഒരാഴ്ചയ്ക്കകം കേന്ദ്രസമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. വയൽക്കിളികളുടെ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കീഴാറ്റൂരിൽ വയൽ നികത്തിയുളള ബൈപാസ് നിർമ്മാണത്തിന്റെ സ്ഥിതി പരിശോധിക്കാൻ കേന്ദ്രസംഘം എത്തിയത്.

രണ്ടുദിവസം സ്ഥലത്ത് പരിശോധന നടത്തിയ കേന്ദ്രസംഘം, വയൽക്കിളി പ്രവർത്തകരുടെയും ദേശീയപാത അതോറിറ്റിയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും നിലപാടുകൾ ചോദിച്ചറിഞ്ഞു. ബൈപാസ് എങ്ങിനെയാണ് പരിസ്ഥിതിയെ ബാധിക്കുന്നതെന്ന് വിലയിരുത്തിയ ശേഷമാണ് കേന്ദ്രസംഘം മടങ്ങിയത്.

കീഴാറ്റൂരിനോട് ചേർന്ന കൂവോട് മേഖലയിൽ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് സംഘം കാണുന്നത്. ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ നേതാവാണ് കണ്ടൽക്കാടുകൾ നശിപ്പിച്ചതിന് പിന്നിലെന്ന് വയൽക്കിളികൾ കേന്ദ്രസംഘത്തോട് പറഞ്ഞിരുന്നു. കേന്ദ്രസംഘത്തിൽ നിന്ന് അനുകൂല റിപ്പോർട്ടാണ് വയൽക്കിളികൾ പ്രതീക്ഷിക്കുന്നത്.

ദേശീയ പാത അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച ശേഷമേ കേന്ദ്രസംഘം റിപ്പോർട്ട് സമർപ്പിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.