കണ്ണൂർ: തിരുവനന്തപുരത്തേക്ക് കീഴാറ്റൂരിലെ പ്രതിഷേധക്കാർ നടത്താൻ ആലോചിച്ച ലോങ് മാർച്ച് ഇപ്പോൾ നടത്തില്ല. ഓഗസ്റ്റിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കാമെന്ന നിലപാടാണ് ഇന്ന് ചേർന്ന കൺവെൻഷനിൽ തീരുമാനിച്ചത്. അതേസമയം കീഴാറ്റൂരിലെ വയൽക്കിളികൾ സിപിഎമ്മിന് ശത്രുക്കളല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.

കീഴാറ്റൂരിലെ കർഷക സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി ബൈപാസ് നിർമ്മാണ വിഷയത്തിൽ അനുകൂല നിലപാട് എടുപ്പിക്കാനായിരുന്നു തീരുമാനം.

അതേസമയം, ലോങ് മാർച്ച് നടത്താൻ യോഗം ചേരും മുൻപേ തന്നെ പി.ജയരാജൻ പത്രസമ്മേളനം നടത്തിയിരുന്നു. കീഴാറ്റൂരിലെ സമരക്കാർ ശത്രുക്കളല്ലെന്ന് പറഞ്ഞ ജയരാജൻ പക്ഷെ സമരക്കാരെ പിന്തിരിപ്പിക്കാൻ ഇനിയും ശ്രമിക്കുമെന്ന് നിലപാടെടുത്തു.

ഇതിന് പുറമെ വയൽക്കിളി സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദ സംഘടനകളാണെന്ന ആരോപണവും പി.ജയരാജൻ ഉന്നയിച്ചു. “വയൽക്കിളി സമരം അവസാനിപ്പിക്കാൻ സിപിഎം മുൻപും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം ഇനിയും തുടരും. അവർ സിപിഎമ്മിന്റെ ശത്രുക്കളല്ല. എന്നാൽ കേരളത്തിൽ മാവോയിസ്റ്റ്-ഇസ്‌ലാമിക സഖ്യം രൂപപ്പെടുകയാണ്. അവരാണ് വയൽക്കിളികളുടെ സമരത്തിന്റെയും നട്ടെല്ല്,” പി.ജയരാജൻ ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ