കണ്ണൂർ: സിപിഎമ്മിനെ അടിക്കാൻ ബിജെപി കീഴാറ്റൂരിലെ വയൽക്കിളികളെ ചട്ടുകമാക്കുകയാണ് ചെയ്തതെന്ന് സമരത്തിന്റെ മുൻനിര പോരാളി സുരേഷ് കീഴാറ്റൂർ. ബിജെപി വലിയ ചതിയാണ് കീഴാറ്റൂരിലെ സമരക്കാരോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലെ വയലിലൂടെ മുൻ നിശ്ചയിച്ച അതേ അലൈൻമെന്റ് പ്രകാരം ദേശീയപാത ബൈപ്പാസ് നിർമ്മിക്കാനുളള കേന്ദ്രസർക്കാർ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂർ.
“സമരവുമായി തന്നെ വയൽക്കിളികൾ മുന്നോട്ട് പോകും. രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സിപിഎമ്മിനെ അടിക്കാൻ ബിജെപി വയൽക്കിളികളെ ചട്ടുകമാക്കി. അവരുടെ രണ്ടുപേരുടെയും നിലപാട് ഒന്നുതന്നെയാണ്,” സുരേഷ് പറഞ്ഞു.
“മേധാപട്കർ നടത്തിയ നർമ്മദ സമരം നമ്മുടെ മുന്നിലുണ്ട്. ആ നിലയിൽ തന്നെ വയൽക്കിളി സമരവുമായി മുന്നോട്ട് പോകും. ഞങ്ങൾക്ക് ചതി പറ്റിയിട്ടില്ല. വയൽക്കിളികൾ ബഹുജന പങ്കാളിത്തത്തോടെ ഒറ്റയ്ക്ക് മുന്നോട്ട് പോകും.”
“പ്രളയത്തിന് ശേഷം ജലത്തിന്റെയും മണ്ണിന്റെയും വയലിന്റെയും തണ്ണീർത്തടങ്ങളുടെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സമരത്തിനായി. അതിനാൽ തന്നെ സമരവുമായി മുന്നോട്ട് തന്നെ പോകും. കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കീഴാറ്റൂർ. സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ല. ഇക്കാര്യം വയൽക്കിളികൾ യോഗം ചേർന്ന് തീരുമാനിക്കും,” സുരേഷ് പറഞ്ഞു.