കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തിലുളള മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്‍റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവർത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും.

സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമര പന്തല്‍ പുനസ്ഥാപിച്ചാണ് സമരം പുനരാരംഭിക്കുന്നത്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരില്‍ എത്തും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ചും തുടര്‍ന്ന് കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വയല്‍ക്കിളി സമരത്തിന് ബദലായി സിപിഎമ്മിന്റെ നാടിന് കാവല്‍ സമരത്തിന് തുടക്കമായിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗം എംവി ഗോവിന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്. വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വര്‍ഗ്ഗീയ, തീവ്രവാദ ശക്തികളാണെന്ന് അദ്ദേഹം പറഞ്ഞു.

വയല്‍ക്കിളി സമരക്കാരുമായി ഏറ്റുമുട്ടാന്‍ സിപിഎം ഇല്ലെന്നും അത് പാര്‍ട്ടിയുടെ നയമല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് ഇല്ലാതാക്കാനാണ് ചിലര്‍ രംഗത്തു വന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജനം അത് അംഗീകരിക്കില്ലെന്നും പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെകെ രാഗേഷ് എംപി, പികെ ശ്രീമതി എംപി തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. വയല്‍ക്കിളില്‍ നാളെ രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കും മുമ്പാണ് സിപിഎം ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചതും നാടിന് കാവല്‍ സമരം ആരംഭിച്ചതും.

അതേസമയം അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും എന്നാല്‍ ന്യൂനപക്ഷത്തിന് വേണ്ടി ഒരു വലിയ വികസന പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. റോഡിന് വേണ്ടി അടയാളപ്പെടുത്തിയ 45 മീറ്റര്‍ ഭൂമിയില്‍ കൊടികളും ബോര്‍ഡുകളും സ്ഥാപിച്ചായിരുന്നു സിപിഎം സമരം ആരംഭിച്ചത്. നാടിനായി ഭൂമി വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നായിരുന്നു ബോര്‍ഡുകളില്‍ എഴുതിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ