തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിനു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മദിനു നിര്‍ദേശം നല്‍കി.

13നു പത്തനാപുരത്തിനു സമീപത്തുവച്ചാണു വാവ സുരേഷിനു പാമ്പുകടിയേറ്റത്. അണലിയെ പിടികൂടുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നു വൈകിട്ടോടെ പ്രത്യേക മുറിയിലേക്കു മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും.

അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനേയും ഡോക്ടര്‍മാരെയും വിളിച്ച് മന്ത്രി ശൈലജ കാര്യങ്ങളന്വേഷിച്ചു. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി വാവ സുരേഷിനെ ആശ്വസിപ്പിച്ചു.

Read Also: മുല്ലപ്പള്ളി ഫോൺ പോലും വിളിക്കാറില്ലെന്ന് സുധാകരൻ; കെപിസിസിയിൽ പൊട്ടലും ചീറ്റലും

ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ.അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ശ്രീനാഥ് എന്നിവരാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.