കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി മെഡിക്കല്‍ ബുള്ളറ്റിന്. സുരേഷ് ഓര്‍മശക്തി വീണ്ടെടുത്തതായും എഴുന്നേറ്റിരുന്ന് സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെ സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.
സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.
Also Read: വധ ഗൂഢാലോചനക്കേസ്: ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്