scorecardresearch

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചു

Vava Suresh, Health Update
Photo: Facebook/ Vava Suresh

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍. “ആശാവഹമായ പുരഗോതിയുണ്ട്. ഇപ്പോള്‍ വെന്റിലേറ്ററില്‍ തന്നെയാണ് തുടരുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദവും സാധാരണ ഗതിയിലാണ്,” അദ്ദേഹം പറഞ്ഞു.

“ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പ്രതികരിക്കുന്നില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിളിക്കുമ്പോഴൊക്കെ പ്രതികരിക്കുന്നുണ്ട്. പാമ്പു കടിയേറ്റാല്‍ ഇത്തരത്തില്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായേക്കും. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനാല്‍ വിഷത്തിന്റെ അംശം കൂടുതലാണ്. ആരോഗ്യനില വീണ്ടെടുക്കാന്‍ സമയം എടുക്കും,” ഡോക്ടര്‍ വ്യക്തമാക്കി.

“നിലവില്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണ്. ആന്റിവെനം ചികിത്സ തുടരും. ആന്റിബയോട്ടിക്സ് അടക്കമുള്ള മരുന്നുകള്‍ കൊടുക്കുന്നത് തുടരുകയാണ്. ചില കേസുകളില്‍ ആറ് അല്ലെങ്കില്‍ ഏഴ് ദിവസം വരെ ഇതേ രീതിയില്‍ ആരോഗ്യനില തുടര്‍ന്നേക്കാം. മരുന്നുകളോട് രോഗി എത്തരത്തില്‍ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനില വീണ്ടെടുക്കുന്നത്,” ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനെന്ന് ഗതാഗത മന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vava suresh health update improvement in body functioning