കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. രണ്ടാം ജന്മമാണ് കോട്ടയത്തുനിന്ന് ലഭിച്ചതെന്നു സുരേഷ് പറഞ്ഞു. കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞ സുരേഷ് ഇതിനിടെ വിതുമ്പി.
തന്നെ പെട്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ തക്കസമയത്ത് ഇടപെട്ട മന്ത്രി വി.എൻ.വാസവനു വാവ സുരേഷ് നന്ദി പറഞ്ഞു. ലോകത്ത് ആദ്യമായിരിക്കും ഒരു മന്ത്രി സാധാരണക്കാരനു പൈലറ്റ് പോകുന്നതെന്നു സുരേഷ് പറഞ്ഞു. മന്ത്രി ഉൾപ്പെടെയുള്ളവർ ചേർന്നാണ് സുരേഷിനെ വീട്ടിലേക്കു യാത്രയാക്കിയത്.
പതിനാറോളം തവണ പാമ്പുകടിയേറ്റിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ ചികിത്സ ലഭിച്ചത് കോട്ടയം മെഡിക്കൽ കോളജിൽനിന്നാണെന്നും സുരേഷ് പറഞ്ഞു. ആശുപത്രിയിലെ വിവിധ ചികിത്സാ വകുപ്പുകളുടെ മികച്ച ഏകോപനമെന്ന പോലെ കേരളത്തിലെ ജനങ്ങളുടെ പ്രാർഥനയുടെയും ഫലമാണ് തന്റെ തിരിച്ചുവരവെന്നും സുരേഷ് പറഞ്ഞു.
ഒരാൾക്ക് അപകടം പറ്റുമ്പോൾ കുറേ കഥകൾ ഇറക്കുകയാണെന്ന് സുരക്ഷിതമായ പാമ്പുപിടിത്തം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേഷ് പറഞ്ഞു. 2006ലാണ് പാമ്പുപിടിത്തത്തിൽ വനംവകുപ്പിന് താനാദ്യമായി പരിശീലനം കൊടുക്കുന്നത്. അന്നൊന്നും മറ്റു പാമ്പുപിടിത്തക്കാരെ താൻ കണ്ടിട്ടില്ല. ഇപ്പോൾ തനിക്കെതിരെ ക്യാമ്പയിൻ നടക്കുകയാണ്. വനംവകുപ്പിൽ ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്പുപിടിത്തക്കാരെ വച്ച് സുരേഷിനെ വിളിക്കരുതെന്ന ക്യാമ്പയിൻ നടത്തുകയാണ്.
ശാസ്ത്രീയമായി ഹൂക്ക് വച്ച് പാമ്പിനെ പിടികൂടുമ്പോൾ കടിയേറ്റ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന്റെ വിവരം തനിക്കറിയാം. ചാക്കിലാക്കുമ്പോൾ കടിയേറ്റ വിവരവും അറിയാം. പാമ്പുപിടിക്കുന്ന രീതിയിൽ മാറ്റം വരുത്തണമോയെന്ന് ഇനി ആലോചിക്കുമെന്നും മാധ്യമപ്രവർത്തകരുടെ മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മരണം വരെ പാമ്പുപിടിത്തം തുടരുമെന്നും അതിൽനിന്നു പിന്മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തതിനു പിന്നാലെയാണ് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് സാധിക്കുന്നുണ്ട്. ചെറിയരീതിയിലുള്ള ശരീരവേദന മാത്രമാണുള്ളത്.
മൂർഖന്റെ കടിയേറ്റ വലതുകാലിന്റെ തുടയിലെ മുറിവ് അൽപ്പം കൂടി ഉണങ്ങാനുണ്ട്. ഇതിന് ആന്റിബയോട്ടിക് മരുന്നുണ്ട്. പലതവണ തന്നെ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വിഷം കൂടുതല്‍ ശരീരത്തില്‍ കയറിയതായി മനസിലായിരുന്നെന്ന് സുരേഷ് പറഞ്ഞു. സാധാരണഗതിയില്‍ 25 കുപ്പി ആന്റി വെനമാണ് നല്കാറുള്ളതെങ്കില് ഇപ്രാവശ്യം അത് 50 ന് മുകളിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Also Read: പ്രോസിക്യൂഷന് തിരിച്ചടി; ഗൂഢാലോചനക്കേസില്‍ ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. സുരേഷിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കും. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടര്‍ന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.