കൊല്ലം: തന്റെ ‘പാമ്പ് പിടിത്ത കരിയറിലെ’ 107ആമത് രാജവെമ്പാലയെ വലയിലാക്കി വാവ സുരേഷ്. കൊല്ലം ജില്ലയിലെ തെന്മല ഫോറസ്റ്റ് ഡിവിഷനു കീഴിൽ കല്ലു വരമ്പ് ഫോറസ്റ്റ് സെക്ഷനിൽ വരുന്ന കുളത്തൂപ്പുഴ – വില്ലുമല സതി വിലാസത്തിൽ ശ്രീമാൻ. സുരേന്ദ്രൻ അവർകളുടെ വിറകുപുരയിൽ നിന്നുമാണ് ഇതിനെ പിടികൂടിയതെന്ന് വാവ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

ഒമ്പത് വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയ്ക്ക് 13 അടിയാണ് നീളം. കല്ലുവരമ്പ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.ഉണ്ണികൃഷ്ണൻ സർ, ശ്രീ. ബിജു കുമാർ സർ ഫോറസ്റ്റ് വാച്ചർ മാരായ ശ്രീ.രാധാകൃഷ്ണപിള്ള ,ശ്രീ. സുധർശനൻ, ശ്രീ.ചന്ദ്രശേഖരൻ, ശ്രീ. ബെഞ്ചമിൻ, ശ്രീ.നസീർ, ഫോറസ്റ്റ് ഡ്രൈവർ ശ്രീ. വിനോദ് എന്നിവർ സന്നിഹിതരായിരുന്നുവെന്നും വാവ സുരേഷ് അറിയിച്ചു.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്.

ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.