കോട്ടയം: കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കൊളേജിലെ ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ സുരേഷിനെ എത്തിച്ചതിന് ശേഷമാണ് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
അദ്ദേഹത്തിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് മുതലുള്ള അഞ്ചുമണിക്കൂർ നിർണ്ണായകമാണെന്ന് മെഡിക്കൽ ടീം അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി. എൽ. ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് സുരേഷിന് ചികിത്സ നല്‍കുന്നത്.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
രണ്ടാഴ്ച മുൻപ് വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. തിരുവനന്തപുരം പോത്തൻകോട്ട് വച്ച് ജനുവരി 17നായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പാമ്പുപിടിത്തത്തിന് ഇറങ്ങുകയായിരുന്നു.
അതേസമയം വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.
Also Read: വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി