തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമായതോടെ എന്‍.പീതാംബരക്കുറിപ്പിനെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്നോട്ട്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പീതാംബരക്കുറിന്റെ സ്ഥാനാര്‍ഥിത്വം പരസ്യമായി എതിര്‍ത്തതോടെയാണ് ഇങ്ങനെയൊരു നീക്കം.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് പോകും. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം വട്ടിയൂര്‍ക്കാവില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് സാധ്യത. പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട കെ.മുരളീധരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കും.

കോന്നിയിലും കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത ശക്തമാണ്. അടൂര്‍ പ്രകാശിന് താത്പര്യമുള്ള റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്നാണ് ഡിസിസി വാദം. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് വേണം കോന്നിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനെന്നും റോബിന്‍ പീറ്റര്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയല്ലെന്നും ജില്ലാ നേതൃത്വം പറയുന്നു.

Read Also: ഇന്ത്യയിലേക്ക് വരൂ, നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം: നരേന്ദ്ര മോദി

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള എന്‍. പീതാംബരക്കുറുപ്പിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. വിജയസാധ്യത നോക്കാതെയാണു കോണ്‍ഗ്രസ് പീതാംബരക്കുറുപ്പിനെ പരിഗണിക്കുന്നതെന്നു പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.

ഇന്ന് തിരഞ്ഞെടുപ്പ് സമിതി യോഗം ആരംഭിക്കുന്നതിനു മുന്‍പ് പീതാംബരക്കുറുപ്പിനെതിരെ ഇന്ദിരാ ഭവനില്‍ പ്രതിഷേധം നടന്നു. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ മുതിർന്ന നേതാക്കളോട് പരസ്യമായി പ്രതിഷേധം അറിയിച്ചു. മാധ്യമങ്ങൾക്കു മുൻപിലായിരുന്നു പ്രാദേശിക നേതാക്കളും പ്രവർത്തകരും പീതാംബരക്കുറുപ്പിനെതിരായ പ്രതിഷേധം അറിയിച്ചത്.

എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും പീതാംബരക്കുറുപ്പിനെ പിന്തുണയ്ക്കുകയാണു കെ. മുരളീധരന്‍. പ്രാദേശിക നേതാക്കളുടെ പ്രതിഷേധത്തെ മുരളീധരന്‍ പൂര്‍ണ്ണമായി തള്ളി. തന്റെ പിന്‍ഗാമിയാകാന്‍ അനുയോജ്യന്‍ പീതാംബരക്കുറുപ്പാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുരളീധരന്‍ വ്യക്തമാക്കി.

Read Also: പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച പ്രവർത്തകനെ വിലക്കി സുധാകരന്‍

പീതാംബരക്കുറിപ്പിനെതിരായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുരളീധരന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമാണു പ്രധാനമെന്നും എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് അനാവശ്യമായ വിഭാഗീയതയ്ക്കു ശ്രമിക്കുന്നതു പ്രതിഷേധിക്കുന്നവരുടെ നല്ലതിനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി. 2011-ല്‍ താന്‍ വട്ടിയൂർക്കാവിൽ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധമുണ്ടായിരുന്നുവെന്നും ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്താണു സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.