തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെതിരെയാണ് ചെന്നിത്തല പരിഹാസവുമായെത്തിയത്. പരാജയഭീതി മൂലം കുമ്മനം യുദ്ധഭൂമിയിലെ ഉത്തരനെ പോലെ ഒളിച്ചോടിയെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണെന്ന് അറിഞ്ഞതോടെ ബിജെപി നിലപാട് മാറ്റിയെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞ ബിജെപിയ്ക്ക് ഇനിയൊന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് കുമ്മനം ഒളിച്ചോടിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് വന്‍ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണിതെന്നും ചെന്നിത്തല പറഞ്ഞു.
Read More: കുമ്മനം ഔട്ട്, വട്ടിയൂര്‍ക്കാവില്‍ സുരേഷ്; കോന്നി പിടിക്കാന്‍ സുരേന്ദ്രന്
വട്ടിയൂര്‍ക്കാവിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ ലഭിച്ചുവെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. എസ്.സുരേഷിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ പൂർണ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കുമ്മനം രാജശേഖരനുമായി എസ്.സുരേഷ് കൂടിക്കാഴ്ച നടത്തി. എസ്.സുരേഷിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെയാണ് വട്ടിയൂര്‍ക്കാവിനു ലഭിച്ചിരിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കേന്ദ്ര നേതൃത്വമെടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണ്. എന്തുകൊണ്ട് കേന്ദ്ര നേതൃത്വം തന്റെ പേര് ഒഴിവാക്കി എന്നതിനെ കുറിച്ച് അറിയില്ല. പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തികഞ്ഞ വിജയപ്രതീക്ഷയാണ് വട്ടിയൂർക്കാവിലുള്ളതെന്നും കുമ്മനം വ്യക്തമാക്കി.