തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേഗതക്കുറവെന്ന യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന്റെ ആരോപണത്തിന് കെ.മുരളീധരന്റെ മറുപടി. ഞാൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിന് എത്തിയില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റിയും ഞാനും ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയത്. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങില്ല. വടകരയിലെ എംപിയാണ് ഞാൻ. എംപിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ എത്തുമെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിലെ അതൃപ്തി കെ.മോഹൻകുമാർ പരസ്യമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം എംപിയായ ശശി തരൂരും വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ.മുരളീധരനും അടക്കമുളള നേതാക്കൾ പ്രചാരണത്തിൽ പങ്കെടുക്കാത്തതിലാണ് മോഹൻകുമാർ അതൃപ്തി അറിയിച്ചത്.

Read Also: വട്ടിയൂർക്കാവ് യുഡിഎഫിന്, മത്സരം രണ്ടാം സ്ഥാനത്തേക്ക്: കെ.മുരളീധരൻ

ഏറെ തർക്കങ്ങൾക്കൊടുവിലാണ് വട്ടിയൂർക്കാവിൽ കെ.മോഹൻകുമാറിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുന്‍ എംപി എന്‍.പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു കെ.മുരളീധരന്റെ ആവശ്യം. ഇതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും എതിര്‍പ്പുയർത്തിയതോടെ മുതിർന്ന നേതാക്കൾ കെ.മുരളീധരനെ അനുയിപ്പിച്ചു കെ.മോഹൻകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

വട്ടിയൂർക്കാവിൽ കെ.മുരളീധരനു വൻ ജനസമ്മതിയുണ്ട്. 2011ലേയും 2016ലേയും തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിൽനിന്നും ജയിച്ചാണ് മുരളീധരൻ നിയമസഭയിലേക്കെത്തിയത്. അതിനാൽ തന്നെ കെ.മുരളീധരൻ പ്രചാരണത്തിനിറങ്ങിയാൽ അത് കോൺഗ്രസിനു ഗുണം ചെയ്യുമെന്നാണു കണക്കുകൂട്ടൽ. വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാർഥി. എസ്.സുരേഷാണ് ബിജെപി സ്ഥാനാർഥി.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണു നടക്കുക. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.