തൊടുപുഴ: ശീതകാല പച്ചക്കറി തോട്ടങ്ങളുടെ വിളനിലമായ ഇടുക്കി വട്ടവട ഗ്രാമപഞ്ചായത്തില്‍ മോഡല്‍ വില്ലേജൊരുങ്ങുന്നു.വട്ടവട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി ആദ്യമായാണ് സംസ്ഥാന തലത്തില്‍ തന്നെ മോഡല്‍ വില്ലേജ് സ്ഥാപിക്കുന്നത്.

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഒരു പ്രദേശത്ത് പ്രത്യേകമായി ഗ്രാമം കെട്ടിപ്പടുക്കുകയാണ് വട്ടവട മോഡല്‍ വില്ലേജ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ വട്ടവട ഗ്രാമ പഞ്ചായത്തു ഭരണ സമിതി നടത്തിയ പഠനത്തില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് പദ്ധതി നടപ്പാക്കുക. 12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണു പ്രതീക്ഷിക്കുന്നത്.108 കുടുംബങ്ങളെയാണ് മോഡല്‍ പ്രൊജക്ടിന്റെ ആദ്യ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോഡല്‍ വില്ലേജ് എന്നത് സുരക്ഷിതമായി താമസിക്കാനുള്ള സ്ഥലത്തിനുപരിയായി മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കി പ്രത്യേക ഗ്രാമം തന്നെ പുതുതായി ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വട്ടവട പഞ്ചായത്തത്ത് അധികൃതര്‍ പറയുന്നു. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന വട്ടവട മോഡല്‍ വില്ലേജിന്റെ നിര്‍മാണം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും.

വട്ടവട പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന മോഡല്‍ വില്ലേജില്‍ 27 ഹൗസിങ് കോംപ്ലക്സ്, വായനശാല, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഡേ ഷെല്‍റ്റര്‍ ഹോം, അംഗനടി, ഷോപ്പിംഗ് മാള്‍, കുട്ടികളുടെ കളിസ്ഥലം, പൂന്തോട്ടം, കമ്യൂണിറ്റി ഹാള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളുള്ളതാണ്. 1600 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഒരോ ഹൗസിംഗ് കോംപ്ലക്സിലും നാലു വീതം കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ലഭ്യമാവുക. ഓരോ കുടുംബത്തിനും രണ്ടു ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ടോയിലറ്റ് സൗകര്യങ്ങള്‍ നിര്‍മിക്കുന്ന ഹൗസിംഗ് കോംപ്ലക്‌സിലുണ്ടാകും.
വീടുകള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മിനി ഷോപ്പിങ്ങ് മാള്‍ 650 ചതുരശ്രയടി വിസ്തൃതിയിലാണു പൂര്‍ത്തിയാക്കുക. മുതിര്‍ പൗരന്‍മാര്‍ക്കായി ഏഴ് ബെഡുകളോടുകൂടിയ ഡേ ഷെല്‍റ്റര്‍ ഹോം സംവിധാനം നിര്‍മിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാകും നിര്‍ദിഷ്ട ഷെല്‍ട്ടര്‍ ഹോം. 250 പേര്‍ക്ക് ഇരിക്കാനാവുന്ന തരത്തിലാവും കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുക. 2000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതയില്‍ ലൈബ്രറിയും, 900 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ആംഗന്‍വാടിയും. എട്ട് ടോയ്‌ലറ്റ് കോംപ്ലക്‌സുകളും മോഡല്‍ വില്ലേജിന്റെ ഭാഗമായി നിര്‍മിക്കുമെന്ന് അധികൃതര്‍.

ഞായറാഴ്ച വട്ടവടയ്ക്ക് സമീപമുള്ള കോവിലൂരില്‍ മന്ത്രി എ.കെ. ബാലന്‍ മോഡല്‍ വില്ലേജിന് ശിലാസ്ഥാപനം നിർവഹിക്കും. വട്ടവട മള്‍ട്ടി അമിനിറ്റി ഹബ്ബ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കൊട്ടക്കാമ്പൂരിലെ എസ്എസ്എ ബില്‍ഡിംഗ് അംഗന്‍വാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ മന്ത്രി എംഎം മണി നിര്‍വഹിക്കും. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് എന്നിവര്‍ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ