കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. സംഭവത്തില്‍ ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കും. ഫ്രാങ്കോ മുളയ്ക്കലിനോട് ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

മുംബൈയിലെ വത്തിക്കാന്‍ പ്രതിനിധി ന്യൂള്‍ ഷോയ്ക്ക് കന്യാസ്ത്രീകള്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കിലും വത്തിക്കാന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. കേരളത്തിലും ജലന്ധറിലും കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടല്‍.

കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്ന് സൂചിപ്പിച്ചിരുന്നു. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്. ബിഷപ്പിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വത്തിക്കാന്റെ ഫെയ്സ്ബുക്ക് പേജില്‍ ഉള്‍പ്പടെ വ്യാപകമായി കമന്റുകള്‍ വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.

അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ