‘ആരുമൊന്നും കൊടുക്കുന്നില്ല’ എന്ന പ്രചരണങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുകയാണ് മലയാളി. തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു ജനത, ജാതിമതഭേദമന്യേ എങ്ങനെയാണ് ദുരന്തത്തെ അഭിമുഖീകരിക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് നൗഷാദും, കണ്ണൂരിലെ ‘പള്ളീന്റെ ആട്ന്ന്’ വന്ന കുട്ടിക്കൂട്ടവും പ്രളയ ജലത്തിന് നടുവില്‍ ആംബുലന്‍സിന് വഴികാട്ടിയായ ബാലനുമെല്ലാം. ഇതിനിടയിലെല്ലാം മലയാളികള്‍ മിസ്സ് ചെയ്യുന്ന ഒരാളുണ്ട് തിരുവനന്തപുരത്തെ മുന്‍ ജില്ലാ കലക്ടര്‍ കെ.വാസുകി.
Read More: നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്, ‘ഓ പോട്’: വോളന്റിയര്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്ന് വാസുകി ഐഎഎസ്
കേരളം 2018ല്‍ പ്രളയത്തെ നേരിട്ടപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു വാസുകി ഐഎഎസ്. മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ ആയി മാറിയ ഐഎഎസ് ഉദ്യോഗസ്ഥ ഇക്കഴിഞ്ഞ ജൂണിലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആറ് മാസത്തെ അവധിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പലരുടേയും ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും വാസുകിയുടെ ചിത്രം കാണുകയുണ്ടായി. എല്ലാവര്‍ക്കും പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ‘മാഡം, നിങ്ങളുണ്ടായിരുന്നെങ്കില്‍… വീ റിയലി മിസ്സ് യൂ,’ എന്ന്. ഇതില്‍ പരം എന്തുവേണം!
കഴിഞ്ഞതവണ തിരുവനന്തപുരത്ത രക്ഷാപ്രവര്‍ത്തകര്‍ക്കും വോളന്റിയര്‍മാര്‍ക്കും ആവേശം പകര്‍ന്ന് ക്യാംപുകളിലെത്തിയ വാസുകി കോട്ടണ്‍ഹില്‍ സ്‌കൂളിലെ ക്യാംപില്‍ നടത്തിയ പ്രസംഗം, അവരുടെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Read More: ‘ഓരോ മത്സ്യത്തൊഴിലാളിയും നോഹയായി മാറി നമ്മളെ രക്ഷിച്ചു’; കൈകൂപ്പി നന്ദി പറഞ്ഞ് വാസുകി ഐഎഎസ്
‘നിങ്ങളിപ്പോള്‍ ചെയ്യുന്നതെന്താണെന്ന് മനസിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഇത്രയും വലിയൊരു ദുരിതത്തെ എങ്ങനെ നേരിടാന്‍ കഴിയുമെന്നാണ് ലോകത്തിന് മലയാളികള്‍ കാണിച്ചു കൊടുക്കുന്നത്. രാജ്യത്തിനകത്തു മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ പോലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു,’ കലക്ടര്‍ പറഞ്ഞ വാക്കുകള്‍.
Read More: നിങ്ങളെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും: വാസുകി ഐഎഎസ് അവധിയില്‍
സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മള്‍ പോരാടിയ പോലെയാണ് ഇപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പോരാടുന്നത്. എയര്‍പോര്‍ട്ടില്‍ 400 വോളന്റിയര്‍മാരുണ്ട്. അവിടെ വരുന്ന സാധനങ്ങള്‍ അണ്‍ലോഡ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അത് നിങ്ങള്‍ കൂലിക്കു ചെയ്യുകയാണെങ്കില്‍ കോടികള്‍ നല്‍കിയേനെ. സര്‍ക്കാരിന് വലിയ ചെലവു വന്നേനേ എന്നു പറഞ്ഞ കലക്ടര്‍ വാസുകി, കോളേജില്‍ പഠിക്കുന്ന കാലത്ത് നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘ഓ പോട്’ എന്ന് ഉച്ചത്തില്‍ താന്‍ പറയാറുണ്ടെന്നും ഇപ്പോള്‍ താന്‍ അങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ ഓഹോ എന്നു പറയണമെന്നും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. ഇതെല്ലാം ഇപ്പോള്‍ ഓര്‍ത്തെടുക്കുകയാണ് മലയാളികള്‍. തളരാതെ പോരാടാനുള്ള ഊര്‍ജമാണ് അന്ന് ആ ഐഎഎസ് ഉദ്യോഗസ്ഥ നല്‍കിയത്.
പിന്നീട് പ്രളയ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും വാസുകിയുടെ വാക്കുകള്‍ ഹൃദയം കീഴടക്കി. ബൈബിളില്‍ പറയുന്നുണ്ട്, പ്രളയത്തില്‍ നോഹ ലോകത്തെ രക്ഷപ്പെടുത്തിയതിനെ കുറിച്ച്. ഇവിടെ പ്രളയമുണ്ടായപ്പോള്‍ ഓരോ മത്സ്യത്തൊഴിലാളിയും നോഹയായിരുന്നു. നമ്മള്‍ ഓരോരുത്തരേയും അവര്‍ രക്ഷിച്ചു,” വാസുകി പറഞ്ഞ വാക്കുകള്‍. കൂടാതെ കേരളത്തിലെ മീന്‍ കറിയെ കുറിച്ചായിരുന്നു ഇതുവരേയും പറഞ്ഞിരുന്നതെങ്കില്‍ ഇനി കേരളത്തിലെ സൈന്യമായ മത്സ്യത്തൊഴിലാളികളെ കുറിച്ചായിരിക്കും സംസാരിക്കുകയെന്നും അവര്‍ അന്ന് പറഞ്ഞു.
ഇത്തവണ ദുരിതബാധിത പ്രദേശങ്ങളിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യസാധനങ്ങളെത്തിക്കുന്നതില്‍ മുഖം തിരിച്ച പുതിയ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നടപടി ഏറെ വിമര്‍ശന വിധേയമായിരുന്നു. തല്‍ക്കാലം സാധനങ്ങള്‍ വേണ്ടെന്നാണ് ജില്ലാ കലക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റ ഫേസ് ബുക്ക് പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ പിന്നീട് മേയര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുകയായിരുന്നു.