scorecardresearch
Latest News

വർക്കല ദുരന്തം ഉറക്കത്തിനിടെ; പുകശ്വസിച്ചതാകാം മരണകാരണമെന്ന് നിഗമനം

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു

IG Nishandhini, Varkkala fire
Photo: Screengrab

വർക്കല: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചത് പുകശ്വസിച്ചാകാമെന്ന് നിഗമനം. അഞ്ച് പേർക്കും കാര്യമായി പൊള്ളലേറ്റിട്ടില്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തമുണ്ടായത് വീട്ടിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് സൂചന.

ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് തീപിടിത്തമുണ്ടായത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കട നടത്തുന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. തീപിടുത്തമുണ്ടായി 45 മിനിറ്റിനു ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും എസി ഇട്ട് വാതിൽ അടച്ചിരുന്നതിൽ പുക പുറത്തേക്ക് പോയില്ല. ഇതാണ് ദാരുണ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എല്ലാം കത്തി നശിച്ച നിലയിലാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.

ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തിവരികയാണ്. വീട്ടിലെ ജിപ്സം വർക്കുകൾ തീപിടിത്തത്തിന്റെ ആഘാതം കൂട്ടി. തീപിടിത്തത്തിൽ എന്തെങ്കിലും അസ്വാഭാവികത ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും സ്ഥലം സന്ദർശിച്ച റേഞ്ച് ഐ ജി ആർ.നിശാന്തിനി പറഞ്ഞു.

കാർപോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നിരുന്നു. പോർച്ചിലുണ്ടായിരുന്ന ബൈക്കുകൾ കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് തീയണച്ചത്. ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും വീടിനുള്ളിൽ മുഴുവൻ തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്‌.

തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹു ൽ പുറത്തേക്ക് വന്നതായി നാട്ടുകാർ ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് കുഞ്ഞിനെ എടുക്കാൻ തിരികെ കയറിയതാണ് എന്നാണ് വിവരം. വീടിന്റെ ​ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതും മുറ്റത്ത് വളർത്തുനായ ഉണ്ടായിരുന്നതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയാക്കി. ഫയർഫോഴ്സും പൊലീസും ചേർന്നാണ് വീട്ടിലുണ്ടായിരുന്നവരെ പുറത്തേടുത്തത് എന്നാണ് വിവരം. അപ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ​ഗുരുതരമായി പരുക്കേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സ്ഥലത്തെത്തിയ റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞിരുന്നു.

Also Read: ഉറക്കത്തിനിടെ ദുരന്തം; ഇരുനില വീടിന് തീപിടിച്ച് കുഞ്ഞുൾപ്പെടെ അഞ്ചുപേർ മരിച്ച നിലയിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Varkkala house fire accident updates