തിരുവനന്തപുരം: വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതിൽ റവന്യൂമന്ത്രിക്ക് അതൃപ്തി. സബ് കലകട്ർക്കെതിരെ ആരോപണം ഉയർന്നപ്പോൾ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലാന്റ് റവന്യൂ കമ്മിഷ്ണറോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ റവന്യൂമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ലാന്റ് റവന്യൂ കമ്മിഷ്ണർ ഇത് നല്‍കിയില്ല. വിഷയത്തിൽ ജില്ലാ കലക്ടർ കെ.വാസുകി ഹിയറിങ് വിളിച്ചിട്ടുണ്ടെന്നും അത് കഴിയട്ടെയെന്നുമാണ് ലാന്റ് റവന്യൂ കമ്മിഷ്ണറുടെ നിലപാട്.
വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തി തഹസിൽദാർ പിടിച്ചെടുത്തിരുന്നു. എന്നാൽ തഹസിൽദാറിന്റെ ഈ നടപടിയെ റദ്ദാക്കി ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കാനാണ് സബ് കലക്ടറായ ദിവ്യ എസ് അയ്യർ തീരുമാനിച്ചത്. ഇതാണ് വിവാദമായത്. സംഭവം വിവാദമായ സാഹചര്യത്തിൽ ഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
ദിവ്യ എസ്.അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്.ശബരിനാഥന്റ താല്‍പര്യപ്രകാരമാണെന്നായിരുന്നു ഉയർന്ന ആരോപണം. സബ് കലക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അതിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.