വർക്കല: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സംഗീത (17) ആണ് കൊല്ലപ്പെട്ടത്. സംഗീതയുടെ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി വീടിനു പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
കൊലപാതകം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് പെൺകുട്ടിയുടെ അച്ഛൻ. ശബ്ദം കേട്ടാണ് ജനൽ തുറന്നു നോക്കിയത്. അപ്പോൾ അക്രമി മകളുടെ കഴുത്തറുക്കുന്നതാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മകളെന്നും അദ്ദേഹം പറഞ്ഞു.
സംഗീതയും ആൺസുഹൃത്തും തമ്മിൽ പ്രണയത്തിലായിരുന്നു. സംഗീതയ്ക്ക് മറ്റു ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ഗോപു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.