scorecardresearch
Latest News

വരയാടുകളുടെ എണ്ണം വർധിച്ചുവെന്ന് കണ്ടെത്തി സർവേ

വരയാടുകളുടെ എണ്ണം 250 ലേറെ വർധിച്ചതായാണ് സർവേയിലെ പ്രാഥമിക നിഗമനം

വരയാടുകളുടെ എണ്ണം വർധിച്ചുവെന്ന് കണ്ടെത്തി സർവേ

തൊടുപുഴ: നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചുകൊണ്ട് കുറിഞ്ഞി സങ്കേതത്തില്‍ വീണ്ടും വരയാടുകളെ കണ്ടെത്തി. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നടത്തിയ വരയാടുകളുടെ കണക്കെടുപ്പിന്റെ ഭാഗമായാണ് നീലക്കുറിഞ്ഞി സങ്കേതത്തിലും സര്‍വേ നടത്തിയത്. സങ്കേതത്തിന്റെ ഭാഗമായ കമ്പക്കല്ലില്‍ ആറു വരയാടുകളെയും കടവരിയില്‍ രണ്ടു വരയാടുകളെയുമാണ് സര്‍വേയുടെ ഭാഗമായി കേരള വന ഗവേഷണ വിഭാഗം മുന്‍ തലവന്‍ ഡോക്ടര്‍ പി.എസ്.ഈസയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

2016-ലും കുറിഞ്ഞി സങ്കേതത്തിനുള്ളില്‍ നടത്തിയ സര്‍വേയില്‍ കമ്പക്കല്ല്, കടവരി മേഖലയില്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വനമേഖലയ്ക്കു തുടര്‍ച്ച വേണമെന്നും ഇതു വരയാടുകളുടെ സംരക്ഷണത്തിന് ഉപകരിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മാങ്ങാപ്പാറ വനമേഖലയില്‍ നിന്നാണ് വരയാടുകള്‍ കുറിഞ്ഞി സങ്കേതത്തിലേക്കു പ്രവേശിക്കുന്നതെന്നും കമ്പക്കല്ല്, കടവരി മേഖലകളിലെ കാലാവസ്ഥ വരയാടുകള്‍ക്ക് അനുയോജ്യമാണെന്നും ഡോ.ഈസയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വനമേഖലകള്‍ തമ്മില്‍ തുടര്‍ച്ചയുണ്ടാകുന്നത് വരയാടുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

നീലക്കുറിഞ്ഞി സങ്കേതത്തില്‍ വീണ്ടും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ കുറിഞ്ഞി സങ്കേതമെന്ന ആശയത്തിനു പ്രസക്തി വര്‍ധിച്ചുവെന്നും വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പക്കല്ലിലും കടവരിയിലും ഏതാനും വരയാടുകളെ മാത്രമാണു കണ്ടെത്തിയിട്ടുള്ളതെന്നും എന്നാല്‍ ഈ മേഖലയില്‍ വരയാടുകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇരവികുളം നാഷണല്‍ പാര്‍ക്കിലും മറ്റു വനമേഖലകളിലുമായി നടന്ന വരയാടുകളുടെ സര്‍വേയില്‍ വരയാടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കഴഞ്ഞ വര്‍ഷം 850 ആയിരുന്ന വരയാടുകളുടെ എണ്ണം 1101 ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പുതിയ സര്‍വേ പ്രകാരം വരയാടുകളുടെ എണ്ണം 250ലേറെ വര്‍ധിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ വരയാടുകളുടെ എണ്ണം കൃത്യമായി പറയാന്‍ സര്‍വേയില്‍ ലഭിച്ച വിവരങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനു ശേഷം മാത്രമേ കഴിയുകയുള്ളുവെന്നും സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ പി.എസ്.ഈസ വ്യക്തമാക്കി.

വരയാടുകളുടെ സാന്നിധ്യമുള്ള ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും, ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷനല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലും നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിലുമായാണ് ഇത്തവണ സര്‍വേ നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 71 അംഗ സംഘമാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്. മൂന്നുമാസത്തോളം വരയാടുകളുടെ പ്രജനനത്തിനായി അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ വര്‍ഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ മാത്രം 65 പുതിയ കുഞ്ഞുങ്ങളുണ്ടായെന്നാണ് കണക്ക്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Varayaadu increased in neela kurinji place