വരാപ്പുഴ: ബിജെപി പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വരാപ്പുഴയിൽ ശക്തമായ പ്രതിഷേധം. ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ ഇതുവഴിയുളള വാഹനഗതാഗതം തടഞ്ഞു. കെഎസ്ആർടിസി ബസ് തടഞ്ഞ നാട്ടുകാർ യാത്രക്കാരെ കൈയ്യേറ്റം ചെയ്തു.

എറണാകുളം ഗുരുവായൂർ ദേശീയപാതയിൽ വരാപ്പുഴ പാലം മുതൽ പറവൂർ വരെയുളള ഭാഗത്താണ് തടസം സൃഷ്ടിച്ചിരിക്കുന്നത്. ഹർത്താലിനിടെ വാഹനം തടഞ്ഞ് വഴിയാത്രക്കാരനെ പൊലീസ് നോക്കിനിൽക്കെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. സംഘം ചേർന്നായിരുന്നു ആക്രമണം. തന്റെ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ യുവാവിനെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.

ഇതിന് പിന്നാലെ പരീക്ഷയ്ക്ക് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടിലായ വിദ്യാർത്ഥിനിയെയും പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തി. അക്രമത്തെ ചോദ്യം ചെയ്ത് മുന്നോട്ട് വന്ന പെൺകുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോയും ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ചികിത്സയിലിരിക്കെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് മരണമടഞ്ഞത്. വരാപ്പുഴയിൽ കഴിഞ്ഞ ദിവസം വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവൻ എന്ന മദ്ധ്യവയസ്‌കൻ ആത്മഹത്യ ചെയ്തിരുന്നു. ക്ഷേത്ര ഉത്സവത്തിനിടയിലെ സംഘർഷമാണ് ഇതിലേക്ക് എത്തിയത്. സിപിഎം പ്രവർത്തകനായിരുന്നു വാസുദേവൻ.

ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ആയുധങ്ങളുമായിയെത്തിയ സംഘം വാസുദേവന്റെ മകൻ സുമേഷിനെ വെട്ടിപരുക്കേൽപ്പിച്ചിരുന്നു. വാസുദേവനെയും ശ്രീജിത്തും സംഘവും അതിക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പിന്നാലെ തൊട്ടടുത്ത ദിവസം ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിനെ പൊലീസ് മർദ്ദിച്ചെന്നാണ് ബിജെപി ആരോപിച്ചത്. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശനും ഈ ആരോപണവുമായി രംഗത്ത് വന്നു.

വാസുദേവന്റെ മകന്റെ പരാതിയിലാണ് ശ്രീജിത്ത് അടക്കമുളള ഒമ്പതംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിയ ശ്രീജിത്ത് വയറുവേദനിക്കുന്നതായി പറഞ്ഞിരുന്നു. സ്റ്റേഷനിലെത്തിയ അമ്മയോട് വെളളം വേണമെന്ന് പറഞ്ഞതായും എന്നാൽ വെളളം നൽകാൻ പൊലീസ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

കസ്റ്റഡിയിൽ എടുത്ത മറ്റ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും നില വഷളായതോടെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് വിവരം. വാസുദേവന്റെ മരണത്തെ തുടർന്ന് വരാപ്പുഴയിൽ സിപിഎം ഹർത്താൽ ആചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയും ഇന്ന് ഇവിടെ ഹർത്താൽ ആചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ