കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ തിരിച്ചെടുത്തു. ഐജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം പൂർത്തിയായെന്നും സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് തടസ്സമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കേസിൽ അറസ്റ്റും സസ്പെൻഷനും നേരിട്ട എസ്ഐ ദീപക്, സിഐ ക്രിസ്‌പിൻ സാം എന്നിവരടക്കം ഏഴ് പേരെയാണ് തിരിച്ചെടുത്തത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയാണ് ഏഴ് പേരെയും സർവ്വീസിലേക്ക് തിരിച്ചെടുത്തത്. ടൈഗർ ഫോഴ്‌സിലെ അംഗങ്ങളും സിപിഒമാരായ സന്തോഷ് കുമാർ, ജിതിൻ, സുമേഷ് എന്നിവരെയും തിരിച്ചെടുത്തിട്ടുണ്ട്. പ്രതികളെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിൽ ശ്രീജിത്തിന്റെ അമ്മ പ്രതിഷേധിച്ചു.
സിഐ ക്രിസ്‌പിൻ സാമിനോട് പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ളവരോട് എറണാകുളത്തെ ജില്ലാ ആസ്ഥാനത്ത് ഹാജരാകാനുമാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പൂർത്തിയായി. ഈ സാഹചര്യത്തിലാണ് ഇവരെ തിരികെ സർവ്വീസിലെടുക്കുന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ റൂറൽ എസ്‌പി ആയിരുന്ന എ.വി.ജോർജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന റൂറൽ ടൈഗർ ഫോഴ്സാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശ്രീജിത്തിനെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ് ആന്തരികാവയവങ്ങളിൽ സാരമായ പരുക്കേറ്റാണ് മരണം സംഭവിച്ചത്.