കൊച്ചി: പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ പറവൂർ സിഐ ഉൾപ്പടെ നാല് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എസ്ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഐജി ശ്രീജിത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീജിത്തിന്‍റെ മരണത്തിൽ ദീപക്കിനും പങ്കുണ്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി എസ്.ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ച ശേഷമാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്. ദീപക്കിനെ കുറിച്ച് ശ്രീജിത്തിന്‍റെ ബന്ധുകൾ ഐജിയോട് പരാതി പറഞ്ഞിരുന്നു. ശ്രീജിത്തിനെ എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്നും ബന്ധുകൾ പറഞ്ഞു.
നേരത്തെ ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.