തിരുവനന്തപുരം: വരാപ്പുഴയില്‍ കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് തലവനായുള്ള അന്വേഷണ സംഘത്തില്‍ കോസ്റ്റല്‍ സെക്യൂരിറ്റി ഡി.ഐ.ജി. കെ.പി. ഫിലിപ്പ്, ക്രൈംബ്രാഞ്ച് അനാലിസിസ് വിഭാഗം എസ്. പി. കെ.എസ്. സുദര്‍ശന്‍, ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്‌ള്യു വിഭാഗം ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ (അന്വേഷണ ഉദ്യോഗസ്ഥന്‍), കാക്കനാട് ഇന്‍ഫോപാര്‍ക്ക് വനിതാ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധാമണി, എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, ഏലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. എല്‍ അഭിലാഷ് എന്നിവര്‍ അംഗങ്ങളാണ്.

ഇതു സംബന്ധിച്ച് വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണ സംഘത്തിന് അടിയന്തരമായി കൈമാറാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി.

ഇതോടൊപ്പം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസുകളായ ക്രൈം നമ്പര്‍ 310/2018, 312/2018 എന്നീ കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.

കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വകവും ശാസ്ത്രീയവുമായ വിദഗ്ധ അന്വേഷണം ഉറപ്പാക്കുമെന്നും ലോകനാഥ് ബെഹ്‌റ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ