ആലുവ: വരാപ്പുഴ വീടാക്രമണ കേസിലെ യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങി. പൊലീസിനെ വെട്ടിച്ചാണ് പ്രതികൾ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. ഈ കേസിൽ പ്രതിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസുകാരുടെ മർദത്തിന് ഇരയായി മരിച്ചിരുന്നു.

സജിത്ത്, ബിപിൻ, തുളസിദാസ് എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വീടാക്രമിച്ച സംഘത്തിലുണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വ്യക്തമാക്കി. കീഴടങ്ങിയ പ്രതികളിലൊരാളായ തുളസീദാസിന്റെ മറ്റൊരു പേരാണ് ശ്രീജിത്ത്. ഇയാളെന്ന് തെറ്റിദ്ധരിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വരാപ്പുഴയിൽ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവൻ എന്ന മദ്ധ്യവയസ്‌കൻ ആത്മഹത്യ ചെയ്തിരുന്നു. ക്ഷേത്ര ഉത്സവത്തിനിടയിലെ സംഘർഷമാണ് ഇതിലേക്ക് എത്തിയത്. സിപിഎം പ്രവർത്തകനായിരുന്നു വാസുദേവൻ. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏപ്രിൽ ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ