കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം. ശ്രീജിത്തിന്രെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നൽകാനും തീരുമാനമായി.

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിക്കാൻ വേണ്ട ഇടപെടൽ പാർട്ടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കുടുംബം സന്ദർശിച്ചശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ശ്രീജിത്തിന്‍റെ കുടുംബത്തിന് ആശ്വാസ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടിരുന്നു.

ശ്രീജിത്ത് മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചില്ല എന്ന ആക്ഷേപത്തിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നെങ്കിലും ശ്രീജിത്തിന്‍റെ വീട് സന്ദർശിച്ചിരുന്നില്ല. ഇത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

ഏപ്രിൽ ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ