വരാപ്പുഴ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസിൽ റിമാന്റിൽ കഴിയുന്ന ആലുവ മുൻ റൂറൽ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന ആവശ്യം.

പരാതി പിൻവലിച്ചില്ലെങ്കിൽ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ് പിയുടെ ഷാഡോ സ്‌ക്വാഡിലെ അംഗങ്ങളായ ജയന്‍, സുനില്‍ലാല്‍, സുവിന്‍, ഷിബു എന്നിവരുടെ പേരിലാണ് കത്ത്. ഇതിന് മുൻപും സമാനമായ ഭീഷണിക്കത്ത് ഇതേ ഉദ്യോഗസ്ഥരുടെ പേരിൽ ലഭിച്ചിരുന്നു.

മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നില്‍ക്കേണ്ടെന്നും മുൻപും സമാനമായ കേസുകളിൽ സർക്കാരിന് തങ്ങളെ ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. ശ്രീജിത്ത‌ിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു മൂന്ന് ആര്‍ടിഎഫുകാർ, വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപക്, പറവൂര്‍ സിഐ ക്രിസ്പിൻ സാം എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോർജ്, ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍ എന്നിവരെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മുൻപും ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നായിരുന്നു അന്നും ആവശ്യം. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കത്തും പൊലീസിന് കൈമാറുമെന്ന് ശ്രീജിത്തിന്റെ ഭാര്യ വ്യക്തമാക്കി..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ