കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ എസ് പിക്കെതിരെ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. മുൻ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ട് എവി ജോർജ്ജിനെതിരെ നടപടി എടുക്കുന്നതിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.

ഡിജിപിയോടാണ് ഇക്കാര്യത്തിൽ വിദഗ്ദ്ധാഭിപ്രായം അന്വേഷണ സംഘം തേടിയിരിക്കുന്നത്. സംഭവത്തിൽ ഫോണിൽ മാത്രമാണ് അന്വേഷണ സംഘം ഡിജിപിയോട് സംസാരിച്ചതെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഡിജിപിയ്ക്ക് ഫയൽ ലഭിച്ചാലുടൻ ഔദ്യോഗികമായി സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കും എന്ന് ഡിജിപിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ എവി ജോർജ്ജിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. വരാപ്പുഴ കസ്റ്റഡി മരണം നടക്കുമ്പോള്‍ ജോര്‍ജ് ആലുവ റൂറല്‍ എസ്‌പിയായിരുന്നു. ജോര്‍ജ് രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ജോര്‍ജ് പറഞ്ഞിട്ടാണ് സംഭവസ്ഥലത്തേക്ക് പോയതെന്ന് കേസിലെ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.