കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. .വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസില്‍ ആലുവ റൂറല്‍ എസ് പിയെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറൈൻ ഡ്രൈവിൽ ആരംഭിച്ച പ്രതിപക്ഷ നേതാവിന്റെ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

ശ്രീജിത്തിന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയ്ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നും കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ യുഡിഎഫ് സമരം തുടരുമെന്ന് നിരാഹാരം ആരംഭിച്ച രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് പ്രതിഭാഗത്ത് വരുന്ന കേസുകളിൽ സ്വതന്ത്ര ഏജൻസി അന്വേഷണിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രമേശ് അഭിപ്രാപ്പെട്ടു.

യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ ഉൾപ്പെടെ കോൺഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കളുടെയും ജനപ്രതിനിധികളും ഉപവാസ സമരം നടക്കുന്ന മറൈൻഡ്രൈവിൽ പിന്തുണയുമായി എത്തി.

ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ വരാപ്പുഴ പൊലീസ് സ്റ്റേഷൻ എസ്ഐ ദീപക്, റൂറൽ എസ്‌പിയുടെ പ്രത്യേക ടാസ്ക് ഫോഴ്സിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ മർദനമേറ്റാണ് ശ്രീജിത്ത് കസ്റ്റഡിയിൽ​ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.