തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി.ഡി.സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ സ്‌പീക്കർ ഇതിന് അനുമതി നൽകിയില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. പ്രശ്‌ന പരിഹാരത്തിന് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയുമായും സ്‌പീക്കർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണക്കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഇത് സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന സ്‌പീക്കറുടെ നിലപാടാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്. സോളർ കേസും ബാർകോഴ കേസും കോടതിയുടെ പരിഗണനയിലിരിക്കെ ചർച്ച ചെയ്‌തിട്ടുണ്ടെന്നായിരുന്നു സ്‌പക്കറുടെ വാദത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കാട്ടിയത്.

വാരാപ്പുഴ കേസ് അടിയന്തരപ്രാധാന്യമുള്ളതല്ലെന്നായിരുന്നു നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞത്. സഭ നിർത്തിവച്ച് നേരത്തെ ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ രക്ഷപെടാനുളള ഒരു പഴുതും ഇല്ലാതെയാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. നിയമമന്ത്രിയുടെ പ്രസ്‌താവനയിൽ പ്രകോപിതരായ പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു. ഇതോടെ സ്‌പീക്കർ സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നുവെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പിരിയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.