കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആർടിഎഫുകാരും എസ്ഐയും മാത്രമല്ല കൂടുതൽ പൊലീസുകാർ ശ്രീജിത്തിനെ മർദിച്ചിട്ടുണ്ടെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായശേഷം ജാമ്യത്തിൽ ഇറങ്ങിയ സുഹൃത്തുക്കൾ ആരോപിച്ചു. ക്രൂരമായ പൊലീസ് മർദനത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിലാണ് അറസ്റ്റിലായവർ വെളിപ്പെടുത്തിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാരും ശ്രീജിത്തിനെ മർദിച്ചു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ ദീപക് എസ്ഐ ചവിട്ടി. അസഭ്യം പറഞ്ഞുകൊണ്ട് അടിവയറ്റിലാണ് ചവിട്ടിയതെന്നും സുഹൃത്തുക്കൾ പറഞ്ഞു.

സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ തനിക്ക് വയറുവേദനയാണെന്നും ഛർദിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. ആ സമയത്തൊന്നും ആശുപത്രിയിൽ കൊണ്ടു പോകാൻ പൊലീസുകാർ തയ്യാറായില്ല. അന്നു രാത്രിയാണ് എസ്ഐ ദീപക് സ്റ്റേഷനിലെത്തിയത്. ദീപക് ഓരോരുത്തരെയും സെല്ലിൽനിന്നും മാറി മാറി വിളിച്ചിറക്കിയാണ് ദീപക് മർദിച്ചത്.

മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോൾ ശ്രീജിത്തിന് കാര്യമായ പരുക്കുകൾ ഒന്നും ഉണ്ടായില്ല. എന്നാൽ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ശരീരത്ത് നിറയെ മുറിവുകളുണ്ടായിരുന്നെന്നും ശ്രീജിത്തിനൊപ്പം അറസ്റ്റിലായ സുഹൃത്തുക്കൾ ആരോപിച്ചു.

വരാപ്പുഴയിൽ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവൻ എന്ന മദ്ധ്യവയസ്‌കൻ ആത്മഹത്യ ചെയ്തിരുന്നു. ക്ഷേത്ര ഉത്സവത്തിനിടയിലെ സംഘർഷമാണ് ഇതിലേക്ക് എത്തിയത്. സിപിഎം പ്രവർത്തകനായിരുന്നു വാസുദേവൻ. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു ശ്രീജിത്തിന്റെ മരണം. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിനെ പൊലീസ് മർദ്ദിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.