തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ സംസ്ഥാന സർക്കാർ കർശന നടപടിയാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴ സംഭവത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുത്തിട്ടുണ്ട്. പൊലീസുകാരായതു കൊണ്ട് അവരെ സംരക്ഷിക്കില്ല. പൊലീസുകാരും നിയമത്തിന് വിധേയരാണ്. മൂന്നാം മുറ നടത്തിയാൽ കർശന നടപടി സ്വീകരിക്കും. കുറ്റം ചെയ്താൽ പൊലീസ് ആയാലും നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.

അതിനിടെ, വരാപ്പുഴ വീടാക്രമണ കേസിലെ യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങിയിരുന്നു. പൊലീസിനെ വെട്ടിച്ചാണ് പ്രതികൾ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. സജിത്ത്, ബിപിൻ, തുളസിദാസ് എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കീഴടങ്ങിയ പ്രതികളിലൊരാളായ തുളസീദാസിന്റെ മറ്റൊരു പേരാണ് ശ്രീജിത്ത്. ഇയാളെന്ന് തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസുകാരുടെ മർദത്തിന് ഇരയായി മരിച്ചിരുന്നു.

വരാപ്പുഴയിൽ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവൻ എന്ന മദ്ധ്യവയസ്‌കൻ ആത്മഹത്യ ചെയ്തിരുന്നു. ക്ഷേത്ര ഉത്സവത്തിനിടയിലെ സംഘർഷമാണ് ഇതിലേക്ക് എത്തിയത്. സിപിഎം പ്രവർത്തകനായിരുന്നു വാസുദേവൻ. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രിൽ ഒന്‍പതാം തീയതിയാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു മരണം. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം പിന്നീട് കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.