തിരുവനന്തപുരം: ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകവാഹകരെന്ന് വി എസ് അച്യുതാനന്ദൻ. നമുക്ക് ജാതിയില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെപ്പോലും ജാതി നേതാവാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ മതിലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷാധിപത്യത്തിന്റെ കാൽക്കീഴിൽ കഴിയേണ്ടവരല്ല സ്ത്രീകൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ലക്ഷകണക്കിന് വനിതകൾ വനിതാ മതിലിൽ അണിനിരന്നതെന്നും വിഎസ്. ശബരിമലയിൽ പിന്നോട്ട് പോയാൽ കേരളം ആർജിച്ച നവോത്ഥാന മൂല്യങ്ങളാണ് തകരുന്നതെന്നും വി എസ് കൂട്ടിച്ചേർത്തു.

വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു വനിതാ മതിൽ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകളാണ്. കാസർഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോൾ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും.

സാംസ്‌കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലില്‍ അണിചേർന്നു. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി. തിരുവനന്തപുരം ജില്ലയിൽ 42 കിലോമീറ്ററാണ് വനിതാ മതിൽ നീണ്ടത്. കാസർഗോഡ് ടൗൺ സ്ക്വയറിൽനിന്നായിരുന്നു വനിതാ മതിലിന്റെ ആദ്യ കണ്ണി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ