കാഞ്ഞങ്ങാട്: വനിതാ മതിലുമായി ബന്ധപ്പെട്ട് ചേറ്റുകുണ്ടിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഡീഷണൽ എസ്‌പി പി.വി.പ്രശോഭ്, ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരൻ, ബേക്കൽ എസ്ഐ വിനോദ് കുമാർ എന്നിവരാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

സിഐ വിശ്വംഭരൻ രജിസ്റ്റർ ചെയ്ത കേസിൽ 500 ഓളം വരുന്ന കണ്ടാലറിയാവുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. എസ്ഐ വിനോദ് കുമാർ രജിസ്റ്റർ ചെയ്ത കേസിലും 500 ഓളം കണ്ടാലറിയാവുന്ന ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അഡീഷണൽ എസ്‌പി രജിസ്റ്റർ ചെയ്ത കേസ് ഒരു കൂട്ടം ആളുകൾക്ക് എതിരെയാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 145, 147,148, 149, 332, 353 വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതിനുളള വകുപ്പുകൾ പ്രകാരവുമാണ് എല്ലാ കേസുകളും രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ്  കേസുകൾക്ക് ആസ്‌പദമായ സംഭവങ്ങൾ നടന്നത്.

ചേറ്റുകുണ്ടിൽ ഇന്നലെ ബിജെപി പ്രവർത്തകർ പുല്ലിന് തീയിട്ടത് അണക്കാൻ ശ്രമിക്കുന്നു

ഇന്നലെ വനിതാ മതിലിനായി സ്ത്രീകൾ അണിനിരന്ന ശേഷമാണ് കാസർഗോഡ് ജില്ലയിലെ ചേറ്റുകുണ്ടിൽ സംഘർഷം ഉണ്ടായത്. റോഡിനും റെയിൽപാതയ്ക്കും ഇടയിൽ പുല്ലിന് തീയിട്ട ശേഷം ഇതിന്റെ മറവിൽ നിന്ന് കല്ലെറിയുകയായിരുന്നു. എട്ട് പേർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. പിന്നീട് കാഞ്ഞങ്ങാട് നിന്നും ഉദുമയിൽ നിന്നും നൂറ് കണക്കിന് സിപിഎം പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ സമീപത്തെ കടകൾക്ക് തീയിടുകയും വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.

അക്രമം അവസാനിപ്പിക്കാൻ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു. എന്നാൽ ഇതുകൊണ്ടും ഫലം കണ്ടില്ല. ഒടുവിൽ രാത്രിയോടെ പൊലീസ് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.