കൊച്ചി: വനിത മതിലിന്റെ പശ്ചാതലത്തിൽ കൊച്ചി നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണവുമായി സിറ്റി പൊലീസ്. തൃശൂരില്‍ നിന്നും എറണാകുളത്തേക്കും എറണാകുളത്ത് നിന്നും തൃശൂരിലേക്കും എന്‍.എച്ച് 17 വഴി പോകണം. ദേശീയപാതയിലൂടെയുള്ള ടാങ്കര്‍ ഗതാഗതത്തിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

എം.സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂര്‍, ചെമ്പറക്കി, പുക്കാട്ടുപടി വഴിയും ആലുവ എന്‍.എ.ഡി വഴിയും എറണാകുളം ഭാഗത്തേക്ക് പോകണം. പെരുമ്പാവൂര്‍ – കാലടി വഴി അങ്കമാലി ഭാഗത്തേക്ക് പോകണം. കാലടി ഭാഗത്തു നിന്നും ആലുവയിലേക്ക് വരുന്ന വാഹനങ്ങള്‍ മഹിളാലയം സ്‌കൂള്‍ പാലം വഴി ആലുവ – പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലെത്തി പോകണം.

വനിതാ മതിലിൽ പങ്കെടുക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുന്‍ നിശ്ചയിച്ചിട്ടുളള സ്ഥലങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം താഴെ പറയുന്ന സ്ഥലങ്ങളില്‍ വാഹനം ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കോതമംഗലം കളവങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ടെയ്‌നര്‍ റോഡില്‍ ഒതുക്കി പാര്‍ക്ക് ചെയ്യണം. തൃക്കാക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ടെയ്‌നര്‍ റോഡ്, എച്ച്.എം.ടി റോഡ് എന്നിവിടങ്ങളിലും, ആലങ്ങാട്, വൈപ്പിന്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓള്‍ഡ് ചേരാനെല്ലൂര്‍ റോഡ്, കണ്ടെയ്‌നര്‍ റോഡ് എന്നിവിടങ്ങളില്‍ ഒതുക്കി പാർക്ക് ചെയ്യണം. കോലഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച്-47 ന്റെ കിഴക്ക് ഭാഗം സര്‍വ്വീസ് റോഡിലും, പൈപ്പ് ലൈന്‍ റോഡിലുമായി വേണം പാര്‍ക്ക് ചെയ്യൻ.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച് 47 സര്‍വ്വിസ് റോഡിന്റെ കിഴക്ക് ഭാഗത്തും, എറണാകുളം സര്‍വ്വീസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഓള്‍ഡ് ഓര്‍മ്മ മാര്‍ബിള്‍ പാലസ് ഗ്രൗണ്ട് (വൈറ്റില) എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍-തേവര പാലത്തിന്റെ താഴെ ഒതുക്കി പാര്‍ക്ക് ചെയ്യണം.

കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നെട്ടൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ വേണം പാര്‍ക്ക് ചെയ്യാൻ. പളളുരുത്തി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച് സര്‍വ്വീസ് റോഡിലും, അരൂര്‍-ഇടക്കൊച്ചി റോഡ് സൈഡിലും വാഹനഗതാഗത്തിന് തടസം ഉണ്ടാകാത്ത നിലവില്‍ പാര്‍ക്ക് ചെയ്യണം.

ഇടുക്കി ജില്ലയില്‍ നിന്നും വരുന്നവര്‍ കറുകുറ്റി ആഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍, അങ്കമാലി കിങ്ങിണി ഗ്രൗണ്ട്, എം.സി റോഡിന്റെ ഒരു വശം, അങ്കമാലി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ മൈതാനം, അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക് കോംപ്ലക്‌സ്, എയര്‍പോര്‍ട്ട് റോഡ് ഓവര്‍ബ്രിഡ്ജ് എന്നീ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും വരുന്നവര്‍ ആലുവ മണപ്പുറം, ജിസിഡിഎ റോഡ്, ജിസിഡിഎ സര്‍വീസ് റോഡ്, തോട്ടക്കാട്ടുകരയ്ക്കും പറവൂര്‍ കവലയ്ക്കും ഇടയ്ക്കുള്ള സര്‍വീസ് റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.