കോഴിക്കോട്: പുതുവർഷ ദിനത്തിൽ നടത്താനിരിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളെയും നിയോഗിക്കാനുള്ള ഉത്തരവ് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നിരാകരിച്ചു. കോഴിക്കോട് ഡിഎംഒയുടെ ഉത്തരവ് അനുസരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെജിഎംഒഎ കത്ത് നല്‍കി.

കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി മുതല്‍ അഴിയൂര്‍ പൂഴിത്തല വരെയുള്ള ദേശീയ പാതയില്‍ അടിയന്തിര വൈദ്യസഹായത്തിനുളള മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്ന് കോഴിക്കോട് ഡിഎംഒയാണ് ഉത്തരവിട്ടത്.

വനിതാമതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഉപയോഗിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പുറത്തുള്ള ജോലിക്ക് നിയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് കെജിഎംഒഎയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്ന പൊതുപരിപാടിയെന്ന നിലയിൽ വനിതാ മതിലിന് മെഡിക്കൽ സംഘത്തെ നിയോഗിക്കുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. അതിനാൽ തന്നെ സർക്കാർ ഡോക്ടർമാരുടെ സംഘടന നൽകിയ കത്തിനോട് ആരോഗ്യവകുപ്പ് എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.