/indian-express-malayalam/media/media_files/uploads/2019/01/chettukund.jpg)
കാസര്‍ഗോഡ്: ചേറ്റുക്കുണ്ടില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ആളുകള്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചു കൂടുന്നു. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആളുകള്‍ പോകുന്നില്ല. ഇതോടെ രാത്രി 7.30 ന് പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. ഗ്രനേഡും പ്രയോഗിച്ചും പൊലീസ് ആളുകളെ പിരിച്ചു വിടാന്‍ ശ്രമിച്ചു.
കഴിഞ്ഞ ആഴ്ച്ച ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതിക്കെതിരെ കരിവള്ളൂരില്‍ ആക്രമണം നടന്നിരുന്നു. ഇതിനുളള പ്രതികാരമാണ് ഇന്ന് നടന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചേറ്റുക്കുണ്ടില്‍ ദേശീയ പാത കടന്നു പോകുന്നതിന് സമീപത്തായുള്ള വയലിലെ പുല്ലിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ടത്. ഇതോടെ സ്ഥലത്ത് പുക പടരുകയായിരുന്നു. അതേസമയം തന്നെ വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെ കല്ലെറികയും ചെയ്തു.
കല്ലേറില്‍ അഞ്ച് സ്ത്രീകള്‍ക്കും അവരെ രക്ഷിക്കാനെത്തിയ മൂന്ന് പുരുഷന്മാര്‍ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കുകയാണ്. തുടര്‍ന്ന് സ്ഥലത്ത് സംഷര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് എത്തുകയും ലാത്തി വീശുകയും ചെയ്തു. ആളുകള്‍ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞ് പരസ്പരം ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ലാത്തി വീശിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് ഗതാഗതം വരെ തടസ്സപ്പെട്ടിരിക്കുകയാണ്. വൈകിട്ടോടെ കാഞ്ഞങ്ങാടു നിന്നും ഉദുമയില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ ചേറ്റുക്കുണ്ടിലേക്ക് എത്തി. ഇതോടെ സംഘര്‍ഷം ശക്തമായി. ആക്രമണത്തില്‍ രണ്ട് കടകളും രണ്ട് വീടുകളും ഒരു കള്ളുഷാപ്പും തകര്‍ന്നിട്ടുണ്ട്. ഇതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റെയില്‍വെ പാലത്തിന്റെ ഭാഗത്തു നിന്നും കല്ലെറിയുന്നത് തുടരുന്നുണ്ടായിരുന്നു.
ഇരുവിഭാഗങ്ങളുമായി പൊലീസ് രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആളുകളെ പിരിച്ചു വിടാനായി പൊലീസ് ആകാശത്തേക്ക് വെടി വെക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിവച്ചു. ഗ്രനേഡും പ്രയോഗിക്കുകയുണ്ടായി. അതേസമയം, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നിട്ടും അക്രമം തടയാന്‍ സാധിക്കാത്തത് പൊലീസിന്റെ ഗുരുതര വീഴച്ചയാണെന്നും ആരോപണമുണ്ട്.
വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ കാസര്‍ഗോഡ് ചേറ്റുക്കുണ്ടില്‍ കല്ലെറിയുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവർത്തകര്‍ റോഡ് കൈയ്യേറി മതില്‍ തടസ്സപ്പെടുത്താനും ശ്രമിച്ചു. സ്ഥലത്തെ വയലിലെ പുല്ലിന് തീ ഇട്ട് പുക സൃഷ്ടിക്കുകയും ചെയ്തു. ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണിത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും ആക്രമണമുണ്ടായി.
അതേസമയം, വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതി വനിതാ മതില്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകള്‍. കാസര്‍ഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.