കൊച്ചി: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളിലുണ്ടായ കോലാഹലങ്ങൾ ചില്ലറയല്ല. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരി ഒന്നിനാണ് വനിതാ മതിൽ തീർക്കുന്നത്.

വനിതാ മതിലില്‍ 31.15 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നും 178 സംഘടനകളുടെ പങ്കാളിത്തമുണ്ടാകുമെന്നും സമിതി അറിയിച്ചു. കാസര്‍ക്കോട് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം.

കാസര്‍ക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. സംഘാടക സമിതിയിലെ പ്രധാനിയായ വെള്ളാപ്പള്ളിക്കൊപ്പം എന്‍ഡിഎയിലുള്ള തുഷാറും സഹകരിക്കുമോ എന്നത് വ്യക്തമല്ല. ജനുവരി 1 വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്റെ ട്രയല്‍ ഉണ്ടായിരിക്കും.

Read More: വനിതാ മതിലും കേരളത്തിലെ പെണ്ണവസ്ഥയും

എന്താണ് വനിതാ മതിൽ?

കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് തുടക്കം മുതലേ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഈ ആശയം മുന്നോട്ട് വച്ചത് കേരള പുലയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പുന്നല ശ്രീകുമാറാണ്. വനിതാ മതിൽ എന്താണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇങ്ങിനെ.

“കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ, സ്ത്രീകൾ തോളോട് തോൾ ചേർന്ന് അണിനിരക്കുന്നതാണ് വനിതാ മതിൽ. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്നതാണ് ഈ മതിൽ. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നതാണ് വനിതാ മതിലിന്റെ ഒരു നിലപാട്. ഇതിന് പുറമെ ഉത്തരേന്ത്യക്ക് സമാനമായി വർദ്ധിച്ച് വരുന്ന ആൾക്കൂട്ട കൊലപാതകം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുളള വെല്ലുവിളികൾ, സദാചാര പൊലീസിംഗ്, ദുരഭിമാന കൊല തുടങ്ങി ലിംഗസമത്വത്തിന് എതിരായ, പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത എല്ലാ മാറ്റങ്ങൾക്കും എതിരായാണ് ഈ മതിൽ നിർമ്മിക്കുന്നത്.”മതിൽ നവോത്ഥാന ചരിത്രത്തിന്റെ പ്രചാരണത്തിന്റെ തുടക്കം മാത്രമാണെന്നും ഇനിയും ഈ പ്രവർത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Image may contain: 1 person, wedding and outdoor

വനിതാ മതിലിന്റെ പ്രചാരണാർത്ഥം ഇടത് വനിതാ സംഘടന കണ്ണൂരിൽ നടത്തിയ വിളംബര ജാഥ ഫൊട്ടോ/ ഫെയ്‌സ്ബുക്

എപ്പോഴാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്?

പുതുവർഷ ദിനത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. കാസർഗോഡ് നഗരത്തിലെ താലൂക്ക് ഓഫീസിന് സമീപത്ത് മല്ലികാർജ്ജുന ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് മതിൽ ആരംഭിക്കുന്നത്. മന്ത്രി കെകെ ശൈലജ ടീച്ചർ ആദ്യത്തെ കണ്ണിയാകും. തിരുവനന്തപുരം വെളളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് അവസാനിക്കുന്നത്.

Read More: വനിതാ മതിലിലെ സിനിമാ സാന്നിദ്ധ്യങ്ങള്‍

വൈകിട്ട് മൂന്ന് മണിക്കും മൂന്നരയ്ക്കും ഇടയിലാണ് മതിൽ നിർമ്മാണത്തിനായി സ്ത്രീകൾ റോഡരികിൽ അണിനിരക്കുക. മൂന്നരയോടെ മതിലിന്റെ ട്രയൽ നടക്കും.  നാല് മണിക്കാണ് യഥാർത്ഥത്തിൽ മതിൽ നിർമ്മിക്കുന്നത്. പിന്നീട് 15 മിനിറ്റ് നേരം സ്ത്രീകൾ കേരളത്തിലാകെ തോളോട് തോൾ ചേർന്ന് അണിനിരക്കും.

കൃത്യം 4.15 ന് പ്രതിജ്ഞയോടെയാണ് വനിതാ മതിൽ പൂർത്തിയാവുക. പിന്നീട് എല്ലായിടത്തും പൊതുയോഗങ്ങൾ നടക്കും. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്താൻ കണ്ണൂർ

കാസർകോട് താലൂക്ക് ഓഫീസിന് സമീപത്തെ മല്ലികാർജ്ജുന ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് വനിതാ മതിൽ ആരംഭിക്കുന്നത്. പിന്നീട് കാലിക്കടവ് വരെയുളള ഭാഗം വരെ  50 കിലോമീറ്റർ ദൂരത്ത് ഒരു ലക്ഷം വനിതകൾ മതിലിൽ അണിനിരക്കും. കാലിക്കടവ് മുതൽ കോഴിക്കോട് ജില്ലാതിർത്തി വരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ അഞ്ച് ലക്ഷം വനിതകൾ ഉണ്ടാകും. വയനാട് ജില്ലയിൽ നിന്നുളള 35000 സ്ത്രീകളും ഭാഗമാകുന്ന കോഴിക്കോട് ജില്ലയിലെ 74 കിലോമീറ്റർ ദൂരത്തിൽ 3.35 ലക്ഷം വനിതകൾ അണിനിരക്കുമെന്നാണ് നിഗമനം.

മലപ്പുറം ജില്ലയിൽ രാമനാട്ടുകര-മലപ്പുറം-പെരിന്തൽമണ്ണ വരെയുളള 55 കിലോമീറ്റർ ദൂരത്തിൽ 1.80 ലക്ഷം വനിതകൾ മതിലിൽ അണിചേരും. പാലക്കാട് ജില്ലയിൽ പുലാമന്തോൾ മുതൽ ചെറുതുരുത്തി വരെ 26 കിലോമീറ്ററാണ് മതിൽ തീർക്കുക. ഈ ദൂരം രണ്ട് ലക്ഷം സ്ത്രീകളെയാണ് അണിനിരത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ ചെറുതുരുത്തി മുതൽ കറുകുറ്റി വരെ 73 കിലോമീറ്റർ വനിതാ മതിൽ സൃഷ്ടിക്കാൻ മൂന്നു ലക്ഷം വനിതകളാണ് ഉണ്ടാവുക.

എറണാകുളം ജില്ലയിൽ കറുകുറ്റി മുതൽ അരൂർ വരെ 49 കിലോമീറ്ററിലാണ് മതിൽ നിർമ്മിക്കുന്നത്. മൂന്നു ലക്ഷം വനിതകൾ മതിലിൽ അണിനിരക്കും. ഇടുക്കി ജില്ലയിൽ നിന്നുള്ള 45,000 സ്ത്രീകൾ എറണാകുളത്താണ് മതിലിന്റെ ഭാഗമാകുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് 60,000 സ്ത്രീകൾ വീതം ആലപ്പുഴ ജില്ലയിലെ മതിലിൽ പങ്കാളികളാകും. ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെ 97 കിലോമീറ്റർ ദൂരത്തിൽ നാലു ലക്ഷം വനിതകളാണ് മതിലിന്റെ ഭാഗമാകുന്നത്.

വനിതാ മതിലിന്റെ വിളംബര ജാഥ കാക്കൂരിൽ നിന്ന്  ഫൊട്ടോ/ ഫെയ്‌സ്ബുക്

ആലപ്പുഴ കടന്നാൽ കൊല്ലത്ത് ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റർ നീളത്തിലാണ് മതിൽ നിർമ്മിക്കുക.  തിരുവനന്തപുരത്ത് കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമവരെ 43.5 കിലോമീറ്റർ നീളത്തിലാണ് മതിൽ തീർക്കുക.  രണ്ട് ജില്ലകളിലും മൂന്ന് ലക്ഷം വനിതകൾ വീതം മതിലിൽ അണിനിരക്കും.

പ്രധാനമായും നാല് ജില്ലകളിലാണ് മതിൽ കടന്നുപോകാത്തത്. വടക്കൻ കേരളത്തിൽ വയനാട്ടിലും മധ്യ കേരളത്തിൽ ഇടുക്കി, കോട്ടയം ജില്ലകളും തെക്കൻ കേരളത്തിൽ പത്തനംതിട്ടയുമാണ്

ശബരിമല സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയാണെങ്കിലും ആലപ്പുഴയിലൂടെ ദേശീയ പാതയിലൂടെ പോകുന്നതിനാലാണ് മതിൽ പത്തനംതിട്ടയുടെ ഭാഗമാകാത്തതെന്നാണ് സംഘാടകർ പറഞ്ഞത്.

വനിതാ മതിൽ ഒരുക്കങ്ങൾ ഏതുവരെ

സംസ്ഥാനത്ത് വാർഡുതല കമ്മിറ്റികൾക്ക് രൂപംകൊടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് എല്ലായിടത്തും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയിൽ നിന്നുളളവർക്കും അണിനിരക്കേണ്ട ഇടങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. നവോത്ഥാന മതിലിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനായി വിവിധ ജില്ലകളിൽ സ്ത്രീകൾ തന്നെ വീടുതോറും പ്രചാരണം നടത്തുന്നുണ്ട്. ഇതിന് പുറമെ പ്രാദേശിക തലത്തിൽ വിളംബര ജാഥകളും ബൈക്ക് റാലികളും മറ്റും നടത്തുന്നുണ്ട്.

Read More: വനിതാ മതിലിൽ ഇതര മതസ്ഥരെയും പങ്കെടുപ്പിക്കാൻ സിപിഎം ശ്രമം

വനിതാ മതിലിൽ എത്ര സ്ത്രീകൾ പങ്കെടുക്കും?

കാസർഗോഡ് നഗരത്തിൽ നിന്നും തിരുവനന്തപുരം വെളളയമ്പലം വരെ 620 കിലോമീറ്റർ ദൂരത്തിലാണ് മതിൽ നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് 30,15,000 പേർ മതിയാകും എന്നാണ് സംഘാടകരുടെ കണക്ക്. ജില്ലകൾ തോറും നടന്ന ആലോചനായോഗങ്ങളിൽ 30 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വനിതാ മതിൽ നിർമ്മിക്കാൻ നിശ്ചയിച്ച യോഗത്തിലേക്ക് സർക്കാർ ക്ഷണിച്ചത് 190 സാമുദായിക സംഘടനകളെയാണ്. അതിൽ പങ്കെടുത്തതാകട്ടെ 174 സംഘടനകളും. എൻഎസ്എസ് വിട്ടുനിന്നപ്പോൾ എസ്എൻഡിപിയും കെപിഎംഎസും യോഗത്തിൽ പങ്കെടുക്കുകയും മതിൽ നിർമ്മാണത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ യോഗത്തിൽ പങ്കെടുത്ത അഖില കേരള ധീവര സഭ, വിഎസ്‌ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവർ മതിലിൽ പങ്കെടുക്കില്ലെന്ന് പിന്നീട് നിലപാടെടുത്തു.

Image may contain: one or more people, people standing and outdoor

വനിതാ മതിലിന്റെ പ്രചാരണാർത്ഥം ചുവരെഴുതുന്ന സ്ത്രീകളും കുട്ടികളും ഫൊട്ടോ/ ഫെയ്‌സ്ബുക്

മതിലിന് പിന്തുണ അറിയിച്ച സംഘടനകളിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചത് എസ്എൻഡിപിയാണ്. ആറ് ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തുമെന്നാണ് വെളളാപ്പളളി നടേശൻ വ്യക്തമാക്കിയത്. അതേസമയം അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് കെപിഎംസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വ്യക്തമാക്കി. മറ്റ് സംഘടനകൾ 11 ലക്ഷം പേരെയാണ് അണിനിരത്തുന്നത്.

Read More: വനിതാ മതിലിൽ രാഷ്ട്രീയം; പിന്തുണ മഞ്ജു വാര്യർ പിൻവലിച്ചു

കോൺഗ്രസും ബിജെപിയും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ മതിലിൽ ഇടതുപാർട്ടികളുടെ 30 ലക്ഷം വനിതകൾ അണിനിരക്കും. ഇത് കൂടിയാകുമ്പോൾ തന്നെ മതിൽ നിർമ്മിക്കാൻ ആവശ്യത്തിലധികം ആളുണ്ടാകുമെന്നാണ് വിവരം. അത്തരത്തിൽ തിരക്ക് അധികമായുളള സ്ഥലങ്ങളിൽ രണ്ട് അതിലധികമോ വരികളായി വനിതകൾ നിൽക്കും.

വനിതാ മതിലിന്റെ പാട്ട്

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനെന്ന ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. വനിതാ മതിലിന്റെ ശീർഷകഗാനത്തിന്റെ വരികൾ കവി പ്രഭാവർമ്മയുടേതാണ്‌. സരിതാ റാം ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത്‌ മാത്യു ഇട്ടിയാണ്‌.

ഇതിന് പുറമെ ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണിയും ശീര്‍ഷകഗാനം തയ്യാറാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഗാനം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് കരിവെള്ളൂര്‍ മുരളിയാണ്. രാഹുല്‍ ബി അശോകാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.

ഇതിന് പുറമെ, വനിതാ മതിലിന്റെ പ്രചാരണാർത്ഥം ലോഗോയും പുറത്തിറക്കിയിരുന്നു. ഇതും വനിതാ മതിലിനെ അനുകൂലിക്കുന്നവർ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

വനിതാ മതിലിൽ അണിനിരക്കാൻ പ്രമുഖരും

വനിതാ മതിലിന് പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നെങ്കിലും പലരും സർക്കാർ തീരുമാനത്തെ ഏറ്റെടുക്കുകയാണ് ഉണ്ടായത്. സംസ്ഥാനത്തൊട്ടാകെ പ്രമുഖരായ നിരവധി പേരാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.

ഡോ എം ലീലാവതി, സി കെ ജാനു, കെ അജിത, പി വത്സല, പാര്‍വതി തിരുവോത്ത്, റീമ കല്ലിങ്കല്‍, ബീന പോള്‍, രമ്യാ നമ്പീശന്‍, ബിന്ദു തങ്കം കല്യാണി, മീര വേലായുധന്‍, ഗീതു മോഹന്‍ദാസ്, ഭാഗ്യലക്ഷ്മി, സജിതാ മഠത്തില്‍, തനൂജ ഭട്ടതിരി, ബി എം സുഹറ, മുത്തുമണി, മാനസി, ബോബി അലോഷ്യസ്, സാവിത്രി രാജീവന്‍, അഷിത, കെ പി സുധീര, ഖദീജ മുംതാസ്, വി പി സുഹറ, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി

വനിത മതിൽ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി നൽകാൻ ഡി.ഡി.ഇമാർക്ക് അഡീ. ഡി.പി.ഐ നിർദ്ദേശം നൽകി. ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാലാണ് നടപടിയെന്നു എ.ഡി.പി.ഐ അറിയിച്ചു.

Read More: പുതുവര്‍ഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവോ?

വനിതാ മതിലുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങിയപ്പോൾ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. നിലയ്ക്കലിലും പമ്പയിലും വനിതാ മാധ്യമപ്രവർത്തകർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങൾ അവസാനിക്കാതെ തുടർന്നതോടെയാണ് സർക്കാർ സാമുദായിക സംഘടനകളുടെ യോഗം വിളിച്ചുചേർത്തത്.

ഡിസംബർ ഒന്നിന് മുഖ്യമന്ത്രി 190 ഓളം ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിലാണ് വനിതാ മതിലെന്ന തീരുമാനം കൈക്കൊണ്ടത്. നിലയ്ക്കലിൽ എൻഡിടിവിയിലെ മാധ്യമപ്രവർത്തക സ്നേഹ കോശിയെ ആക്രമിച്ച ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതനെ വനിതാ മതിലിന്റെ ജോയിന്റ് കൺവീനറാക്കിയത് ആദ്യത്തെ വിവാദത്തിന് വഴിതെളിച്ചു.

വനിതാ മതില്‍ കടന്നു പോകുന്ന റൂട്ട്

ഇതോടെ വനിതാ മതിലിന്റെ ലക്ഷ്യം എന്തെന്നും ചോദ്യങ്ങളുയർന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന ചോദ്യത്തിന് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന മറുപടി നൽകി സർക്കാർ. എന്നാൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഒന്നും പറഞ്ഞില്ല.

പ്രളയം വീശിയെറിഞ്ഞ സംസ്ഥാനത്ത് വനിതാ മതിലിന് എവിടെ നിന്ന് പണം കണ്ടെത്തുമെന്നതായി അടുത്ത ചോദ്യം. പരിപാടിയുടെ ചിലവ് സർക്കാരല്ല വഹിക്കുന്നതെന്ന് പറഞ്ഞെങ്കിലും വിവാദം അവസാനിച്ചില്ല. പിന്നാലെയാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ പരാമർശം സർക്കാരിനെ തിരിച്ചടിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി ബജറ്റിൽ നീക്കിവച്ച 50 കോടി ഉപയോഗിക്കുമെന്നായിരുന്നു വാർത്ത വന്നത്. എന്നാൽ ഒരു രൂപ പോലും സർക്കാർ പണം ഇതിന് ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നടി മഞ്ജു വാര്യർ വനിതാ മതിലിനെ അനുകൂലിച്ചും, പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചും ഫെയ്സ്‌ബുക്കിൽ വീഡിയോ പോസ്റ്റിട്ടത് ഈ സമയത്താണ്. മണിക്കൂറുകൾക്കുളളിൽ നടി പോസ്റ്റ് പിൻവലിക്കുകയും വനിതാ മതിലിൽ രാഷ്ട്രീയം ഉണ്ടെന്ന് വിമർശിക്കുകയും ചെയ്തു.

വനിതാ മതിലിന്റെ ഫണ്ട് ശേഖരണത്തിനായി സർക്കാർ ക്ഷേമ പെൻഷനുകളിൽ കൈയ്യിട്ട് വാരുന്നുവെന്ന് ആക്ഷേപം ഉയർന്നു. ക്ഷേമ പെൻഷനിൽ നിന്ന് വനിതാ മതിലിനുളള 100 രൂപ സംഭാവന കുറച്ചാണ് നൽകുന്നതെന്നായിരുന്നു ആരോപണം. ഈ വിവാദം ഇപ്പോഴും കത്തിനിൽക്കുകയാണ്. വനിതാ മതിലിൽ പങ്കെടുക്കാൻ കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നും സർക്കാർ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപണമുണ്ട്. തന്റെ വകുപ്പിന് കീഴിലുളള ജീവനക്കാരോട് വനിതാ മതിലിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ഇതിന് വനിതാ ശിശുക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നൽകിയ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.